കൊച്ചി: യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ 2023 മെയ് 12, 13, 14 തിയ്യതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുമെന്ന് യുവധാര മാസിക പബ്ലിഷര്‍ വി.കെ സനോജ്, ബെന്യാമിന്‍, യുവധാര ചീഫ് എഡിറ്റര്‍ വി. വസീഫ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള മാസികയായ യുവധാര യുവാക്കളുടെ കലാ സാഹിത്യ സാംസ്‌ക്കാരിക മേഖലകളിലെ കഴിവുകള്‍ വികസിപ്പിക്കുവാനും മികച്ച സര്‍ഗ്ഗ സംവാദങ്ങള്‍ ഉയര്‍ത്തുവാനുമാണ് യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്. ഇതിന്റെ പ്രചരണാര്‍ത്ഥം കേരളത്തിലെ 2427 മേഖലാ കേന്ദ്രങ്ങളിലും 212 ബ്ലോക്ക് കേന്ദ്രങ്ങളിലും 14 ജില്ലാ കേന്ദ്രങ്ങളിലും വിവിധങ്ങളായ കലാ-സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഇതിന്റെ സംസ്ഥാന തല മത്സരം യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ വെച്ച് നടത്തും.
കവിത രചന, കഥ രചന, കവിതാ പാരായണം, പ്രസംഗം, നാടന്‍ പാട്ട്, മ്യൂസിക് ബാന്റ്, നാടകം എന്നിവയിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മുഴുവന്‍ ജില്ലകളിലും പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിക്കും. ബെന്യാമിന്‍ ആണ് ഫെസ്റ്റി വെല്‍ ഡയരക്ടര്‍, കവി ഡി. അനില്‍കുമാര്‍ പ്രോഗാം കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും. ഫോര്‍ട്ട് കൊച്ചിയിലെ 3 വേദികളിലും ഒരു പ്രധാന വേദിയിലുമായാണ് ഫെസ്റ്റ് നടക്കുക. അമ്പതിലധികം സെഷനുകളിലായി രാജ്യത്തിനകത്തും പുറത്തുമുള്ള നൂറ് കണക്കിന് എഴുത്തുകാര്‍ പങ്കാളികളാവും.