കോഴിക്കോട്: ആദിവാസി യുവാവ് കല്‍പ്പറ്റ വെള്ളാരംകുന്ന് അഡ്‌ലെയ്ഡ് പാറവയലിലെ വിശ്വനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. വിശ്വനാഥന്റെ ബന്ധുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് സംഘം കല്‍പ്പറ്റക്ക് തിരിച്ചു. അതേസമയം, പട്ടികവിഭാഗ പീഡനനിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം നിലവില്‍വന്നു. വിശ്വനാഥനെ മെഡിക്കല്‍ കോളജ് വളപ്പില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്ത രണ്ടുപേരെ പറ്റി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എസ്.സി,എസ്.ടി കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി, അംഗം സൗമ്യസോമന്‍ എന്നിവര്‍ വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെ സന്ദര്‍ശിച്ചിരുന്നു.
വിശ്വനാഥന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യം ബന്ധുക്കള്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ താമസിയാതെ തീരുമാനം ഉണ്ടാവും. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൂട്ടിരിപ്പുകാരുടെ മൊബൈല്‍ ഫോണ്‍ വിശ്വനാഥന്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് തടഞ്ഞുവെക്കലും മര്‍ദ്ദനവും ഉണ്ടായതെന്ന് പറയുന്നു. വിശ്വനാഥന്റെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചി ആളുകള്‍ പരിശോധിക്കുന്നത് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമായിരുന്നു. ആത്മഹത്യാ പ്രേരണ, സംഘം ചേര്‍ന്നു തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ പട്ടികവിഭാഗ പീഡന നിരോധന നിയമം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ കമ്മീഷണര്‍ കെ. സുദര്‍ശന്‍ ആണ് കേസ് അന്വേഷിക്കുന്നത്.