കോഴിക്കോട്: റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ പേരില്‍ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് യാത്രക്കാരെ വലയ്ക്കുന്നു. മംഗലാപുരത്തിന് അടുത്ത് ജോക്കട്ട്, പട്ടീല്‍ സ്റ്റേഷനുകള്‍ക്ക് മധ്യേ ട്രാക്കില്‍ പണി നടക്കുന്നതാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം. അജ്മീര്‍-എറണാകുളം, ചണ്ഡീഗഡ്-കൊച്ചുവേളി, ജാംനഗര്‍-തിരുനല്‍വേലി, നിസാമുദ്ദീന്‍-എറണാകുളം, ഗാന്ധിദാം-തിരുനല്‍വേലി, എറണാകുളം-ഓഖ, ഇന്‍ഡോര്‍-കൊച്ചുവേളി, പോര്‍ബന്തര്‍-കൊച്ചുവേളി പ്രധാന ദീര്‍ഘദൂര വണ്ടികളാണ് മാര്‍ച്ച് മൂന്നുവരെ റദ്ദാക്കിയിട്ടുള്ളത്. ഇതോടെ മറ്റു വണ്ടികളില്‍ തിരക്ക് കൂടി. മലബാറില്‍ നിന്ന് ബംഗളുരു യാത്രക്കാരനാണ് ഏറെ പ്രയാസപ്പെടുത്തുന്നത്.
കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും പ്രതിദിനം അഞ്ചുവണ്ടികളെങ്കിലും ബംഗളുരുവില്‍ എത്തുന്നവിധം ഓടുമ്പോള്‍ മലബാറില്‍ നിന്ന് ഒരു വണ്ടി മാത്രമേയുള്ളു. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമാണ് ഏറെ പ്രയാസപ്പെടുന്നത്. പ്രതിവാര തീവണ്ടികള്‍ റദ്ദാക്കിയിട്ടും നിലവിലുള്ള ട്രെയിനുകളില്‍ കംപാര്‍ട്ട്‌മെന്റുകളുടെ എണ്ണം കൂട്ടാനോ സ്‌റ്റോപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനോ റെയില്‍വേ തയാറാവുന്നില്ല എന്നതാണ് ഏറെ ഖേദകരം.
പാലക്കാട് ഡിവിഷനു കീഴില്‍ കോച്ചുകളുടെ ക്ഷാമം രൂക്ഷമാണ്. അതുകൊണ്ടുതന്നെ യാത്രാക്ലേശം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. 22ന് പുറപ്പെടുന്ന എറണാകുളം-നിസാമുദ്ദീന്‍ എക്സ്രപ്രസും തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസും റദ്ദാക്കി. 24,27 തിയതികളില്‍ ഈ ട്രെയിനുകളുടെ മടക്കയാത്രയും റദ്ദാക്കിയിട്ടുണ്ട്. 26ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയും 27ന് കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കിയതില്‍പെടും. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി 26ന് തൃശൂര്‍ വരെ മാത്രമെ സര്‍വീസ് നടത്തുകയുള്ളു. ദീര്‍ഘദൂര തീവണ്ടികളില്‍ പലതും റദ്ദാക്കിയതോടെ മംഗളുരു-ചെന്നൈ മെയില്‍, പരശുറാം എക്‌സ്പ്രസ്, നേത്രാവതി, കണ്ണൂര്‍-യശ്വന്ത്പുര ട്രെയിനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.