കോഴിക്കോട്: ടെക്‌സ്‌റ്റൈല്‍ നെയ്ത്തുവിദ്യയുടെ കേന്ദ്രമായ ബേപ്പൂര്‍ നടുവട്ടം ‘തസറ’യുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. നെയ്ത്തു കേന്ദ്രത്തിന്റെ സാധ്യതകള്‍ ഏതു രീതിയില്‍ ഉപയോഗപ്പെടുത്താനാകുമെന്ന് വിശദമായി പഠിച്ച ശേഷം സര്‍ക്കാര്‍ അനുകൂലമായ രീതിയില്‍ ഇടപെടുമെന്നും തസറ സന്ദര്‍ശിച്ച ശേഷം മന്ത്രി അറിയിച്ചു.
ബേപ്പൂരില്‍ എല്ലാ വര്‍ഷവും നടക്കുന്ന ‘സൂത്ര’നെയ്ത്തു ശില്പശാലയെപ്പറ്റി അറിയുന്നതിനായി എത്തിയതായിരുന്നു മന്ത്രി. ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ളവര്‍ ബേപ്പൂരിലെത്തി ഇതില്‍ പങ്കെടുക്കാറുണ്ട്. തസറയുടെ മുഖ്യ നടത്തിപ്പുകാരനും പ്രശസ്ത നെയ്ത്തു കലാകാരനുമായ വി വാസുദേവനുമായും യുകെയില്‍ നിന്നും സൂത്ര ശില്പശാലക്കെത്തിയ പ്രതിനിധികളുമായും മന്ത്രി ദീര്‍ഘനേരം ആശയവിനിമയം നടത്തി.
വിശദ പദ്ധതി തയാറാക്കുന്നതിനായി ടൂറിസം, ഡിടിപിസി , ഉത്തരവാദിത്ത ടൂറിസം എന്നീ വിഭാഗങ്ങളുടെ മേധാവികളെ ചുമതലപ്പെടുത്തി. ഇവര്‍ ഒരു മാസത്തിനകം മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷമാകും സര്‍ക്കാര്‍ അനുയോജ്യമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുക.
കോര്‍പ്പറേഷന്‍ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ കൃഷ്ണകുമാരി, കൗണ്‍സിലര്‍ കെ രാജീവ്, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍, ഡിടിപിസി സെക്രട്ടറി നിഖില്‍ ടി. ദാസ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകല ലക്ഷ്മി തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.