കോഴിക്കോട് നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ 1990 വര്‍ഷ കാലയളവില്‍ മോഷണം നടത്തിയ കേസിലെ പ്രതി 33 വര്‍ഷത്തിനുശേഷം പിടിയിലായി. ഈസ്റ്റ് നടക്കാവ് ഓര്‍ക്കാട്ട് വയലില്‍ സലാല എന്ന സലീല്‍ ആണ് പിടിയിലായത്. ജാമ്യം ഇറങ്ങിയ ശേഷം കേസിന് ഹാജരാകാതിരുന്നതിനാല്‍ 2013 വര്‍ഷം മുതല്‍ ഇയാളെ കോടതി നടക്കാവിലെ 2 കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് ജില്ലയിലെ കസബ, കുന്ദമംഗലം തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിലും ആ കാലഘട്ടങ്ങളില്‍ നിരവധി സമാനമായ പല കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചത്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ഇനി പോലീസ് അന്വേഷിച്ച് വരില്ലെന്നും, ദൂരെ എവിടെയെങ്കിലുംസുഖമായി ജീവിക്കാമെന്നും കരുതി ഇയാള്‍ കോഴിക്കോടുള്ള താമസ സ്ഥലം ഒഴുവാക്കി കണ്ണൂര്‍ ജില്ലയില്‍ വാടകക്ക് വീടെടുത്ത് കുടുംബസമേതം ജീവിതം നയിച്ച് വരുകയായിരുന്നു. പൊലീസിന്റെ ശ്രമകരമായ അന്വേഷണ ദൗത്യത്തിന്റെ ഭാഗമായിട്ടാണ് പ്രതിയെ കണ്ണൂരില്‍ വെച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. പ്രതിയുടെ ഫോണ്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെസഹായത്തോടെ പരിശോധിച്ച ശേഷം നിരവധി ഫോണ്‍ നമ്പറുകള്‍ അനലൈസ് ചെയ്ത ശേഷം പ്രതികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി തന്ത്രപൂര്‍വ്വം പ്രതിയുടെ താമസ സ്ഥലം കണ്ടെത്തുകയായിരുന്നു. ഇത്തരത്തില്‍ പഴയ കാല കേസുകളില്‍പ്പെട്ട പല പ്രതികളുടേയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
നടക്കാവ് സബ്‌പെക്ടര്‍കൈലാസ് നാഥ് എസ്.ബി., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി.ശ്രീകാന്ത്, ബൈജു പി.കെ. എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.