ഇരുപതോളം കേസുകള്‍ക്ക് തുമ്പുണ്ടായതായി പോലീസ്
കോഴിക്കോട് : മോഷണത്തിനിറങ്ങിയ തമിഴ്‌നാട്ടില്‍ നിന്നുള്ള കുടുംബം പൊലീസ് പിടിയില്‍. തമിഴ്‌നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45), മകള്‍ സന്ധ്യ (25), എന്നിവരാണ് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തിയതായി പോലീസിനോട് സമ്മതിച്ചു.
കവര്‍ച്ച സംഘത്തെ പിടികൂടിയതറിഞ്ഞ് നിരവധി സ്ത്രീകളാണ് പരാതികളുമായി മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ എത്തുന്നത്.ഈ സംഘങ്ങള്‍ കവര്‍ച്ച നടന്നുന്നതിനായി തിരഞ്ഞെടുക്കുന്നത് പ്രായമായ സ്ത്രീകളെയായിരുന്നു. അതിരാവിലെ എഴുന്നേറ്റ് മക്കരപറമ്പില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് കയറി തിരക്കേറിയ ക്ഷേത്രങ്ങളില്‍ നിന്നും ബസ്സുകളില്‍ നിന്നും സ്ത്രീകളെ ലോക്ക് ചെയ്ത് സാരിയോ ഷോളോ ഉപയോഗിച്ച് മറച്ചു പിടിച്ച് കട്ടര്‍ ഉപയോഗിച്ച് ചെയിന്‍ പൊട്ടിച്ച ശേഷം വളരെ പെട്ടെന്നു തന്നെ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്. ചിലയിടങ്ങളില്‍ മാല പൊട്ടിച്ച ശേഷം ഉടമസ്ഥരെ കാണിച്ച് കൊടുക്കുകയും പൊട്ടിയ മാല സ്ത്രീകള്‍ പേഴ്‌സില്‍ ഇട്ട ശേഷം ആ പേഴ്‌സോടുകൂടി കവര്‍ച്ച നടത്തുന്ന രീതിയും ഇവര്‍ക്കുണ്ട്. ഇവരെ ചോദ്യം ചെയ്തതോടെ ഇരുപതോളം കേസുകള്‍ക്ക് തെളിവ് ലഭിച്ചതായി പോലീസ് പറഞ്ഞു.
ദേവിയേയും സന്ധ്യയേയും മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ്സില്‍ നിന്നും പിടികൂടി എസ്.ഐ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വീടുകളിലും ക്വാട്ടേഴ്‌സുകളിലും വാടകക്ക് താമസിക്കുന്നവരെ കുറിച്ച്
പോലീസ് അന്വേഷണം തുടങ്ങിയെന്നും വ്യക്തമായ രേഖകള്‍ സൂക്ഷിക്കാത്ത വാടകക്ക് കൊടുത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ പറഞ്ഞു.
ഉത്സവ സീസണ്‍ ആയതു കൊണ്ടാണ് ക്ഷേത്രങ്ങളെ കവര്‍ച്ചക്കായി തിരഞ്ഞെടുക്കുന്നതെന്നും നിരവധി പരാതികള്‍ ഉള്ളതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മെഡിക്കല്‍ കോളേജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു.