മലപ്പുറം∙ സൂപ്പർ കപ്പ് ഫുട്ബോളിന്റെ സൂപ്പർ ദിനങ്ങൾക്ക് ഇന്നു തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്നു രാത്രി 8.30ന് നടക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് നെരോക്ക എഫ്സിയെ നേരിടും. വിജയിക്കുന്ന ടീം 5ന് ആരംഭിക്കുന്ന യോഗ്യതാ റൗണ്ടിലേക്കു പ്രവേശനം നേടും. ഗോകുലം കേരള എഫ്സി ഉൾപ്പെടെ ഐ ലീഗിലെ 8 ടീമുകളാണ് യോഗ്യതാ റൗണ്ട് കളിക്കുക. ഐ ലീഗ് ചാംപ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഗ്രൂപ്പ് റൗണ്ടിലേക്ക് നേരിട്ടു പ്രവേശനം നേടിയിരുന്നു. ഇന്നു മത്സരിക്കുന്ന രാജസ്ഥാൻ ഐ ലീഗിൽ ഒൻപതാം സ്ഥാനത്തും നെരോക്ക പത്താം സ്ഥാനത്തുമാണ്. ഇരു ടീമുകളും ഇന്നലെ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനം നടത്തി.
സൂപ്പർ കപ്പ് മത്സരങ്ങൾക്കൊപ്പം എഎഫ്സി ചാംപ്യൻസ് ലീഗ് യോഗ്യതാ മത്സരത്തിനും മഞ്ചേരി വേദിയാകും. നാളെ രാത്രി 8.30ന് മുംബൈ സിറ്റി എഫ്സിയും ജംഷഡ്പുർ എഫ്സിയും തമ്മിലാണ് മത്സരം. സൂപ്പർ കപ്പിന്റെ ടിക്കറ്റുകൾ ബുക്ക്മൈഷോ (bookmyshow) ആപ് വഴിയും മത്സരദിവസങ്ങളിൽ സ്റ്റേഡിയം കൗണ്ടറുകളിലൂടെയും ലഭിക്കും. യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക്.