കോഴിക്കോട്: വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ സമയത്തെ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുനഃക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. സൂര്യാഘാതം ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24, 25 വ്യവസ്ഥകള്‍ പ്രകാരമാണ് സംസ്ഥാനത്തിനുള്ളില്‍ വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്കായി സമയം പുനഃക്രമീകരിച്ചത്.
പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേള ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തി.
ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 ന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു. എല്ലാ തൊഴില്‍ ഉടമകളും കരാറുകാരും സമയക്രമം പാലിക്കേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.