തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടുവരുന്ന സംസ്ഥാനം അതിജീവനത്തിന്റെ പാതയിലാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അതീവ ദാരിദ്ര്യം അനുഭവിക്കുന്ന 64006 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇവരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പദ്ധതി രൂപീകരിക്കും. ഇതിനായി ഗ്യാപ് ഫണ്ടായി 50 കോടി രൂപ അനുവദിക്കും. ബജറ്റില്‍ താങ്ങാനാവാത്ത ഭാരമുണ്ടാവില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്.
നെല്‍കൃഷിക്ക് 95 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പച്ചക്കറി കൃഷിക്ക് 93.45 കോടി രൂപയും നാളികേരകൃഷിക്ക് 69.95 കോടിയുമാണ് നീക്കിവെച്ചിട്ടുള്ളത്. വിള ഇന്‍ഷൂറന്‍സിന് 30 കോടി രൂപ ചെലവിടും. കൃഷിയിടത്തില്‍ വന്യജീവികള്‍ എത്തുന്നത് തടയാന്‍ രണ്ടു കോടിയുടെ പദ്ധതി തയാറാക്കും.
മത്സ്യബന്ധന ബോട്ടുകള്‍ ആധുനികവല്ക്കരിക്കാന് 10 കോടി രൂപ അനുവദിച്ചു. ലൈഫ് മിഷനില്‍ 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും പൂര്‍ത്തിയാക്കും. ഇതിനായി 1436.26 കോടി വകയിരുത്തി. ഇതുവരെ 3,22,922 വീടുകള്‍ നിര്‍മിച്ചതായി മന്ത്രി പറഞ്ഞു.