കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം 11ന് കൊടിയേറും.വൈകുന്നേരം 7.30നാണ് കൊടിയേറ്റം. ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രിയും മേല്‍ശാന്തി കെ.വി ഷിബുശാന്തിയും കാര്‍മികത്വം വഹിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് പി.വി ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11ന് രാത്രി ലാലാ ബാന്‍ഡിന്റെ ഗാനമേളയോടെ കലാപരിപാടികള്‍ ആരംഭിക്കും. 12ന് രാത്രി ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിക്കുന്ന ഗാനമേള അരങ്ങേറും. 13ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ആഘോഷവരവ് ക്ഷേത്രത്തില്‍ എത്തിച്ചേരും. 14ന് രാത്രി തൃപ്പൂണിത്തുറ കെ.വി.എസ് ബാബുവിന്റെ സംഗീതകച്ചേരി നടക്കും.
15ന് പുതിയറ ഹിന്ദുസ്ഥാന്‍ കളരിസംഘത്തിന്റെ കളരിപ്പയറ്റ് നടക്കും. 16ന് നൃത്തമത്സരങ്ങള്‍ അരങ്ങേറും. 17ന് വൈകുന്നേരം ക്ഷേത്രക്കുളത്തില്‍ തെപ്പോത്സവം നടക്കും. മഹാശിവരാത്രിദിനമായ 18ന് പിന്നണി ഗായകന്‍ ശ്രീശങ്കര്‍ സുരേഷും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ അരങ്ങേറും. രാത്രി എട്ടരക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാവും.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സുരേഷ്ബാബു എടക്കോത്ത്, ട്രഷറര്‍ കെ.വി അരുണ്‍, പൊറോളി സുന്ദര്‍ദാസ്, പുത്തൂര്‍മഠം ചന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.