കോഴിക്കോട്: പാര്‍ട്ടി ഓഫീസുകള്‍ കേവലം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നതിനുമപ്പുറത്തേക്ക്, മനുഷ്യ സമൂഹത്തിനു മാര്‍ഗ ദര്‍ശനം നല്‍കുന്ന സാംസ്‌കാരിക ഇടങ്ങള്‍ കൂടിയായി മാറേണ്ടതുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള വെല്ലുവിളികള്‍ പണ്ടുള്ളതിനേക്കാള്‍ ശക്തിപ്പെട്ട കാലത്ത് സാംസ്‌കാരികപൊതുബോധ കൂട്ടായ്മകളെ ചേര്‍ത്തു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിന് കാര്‍മികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ദിരത്തിന്റെ ഉദ്ഘാടനം നേരിട്ടെത്തി നിര്‍വഹിച്ചിരുന്നു.
സയ്യിദ് ഹൈദരലി തങ്ങള്‍ പൊതു സമൂഹത്തിനു തുറന്നു കൊടുത്ത മന്ദിരം, പുതിയ കാലത്തെ ചെറുപ്പക്കാരുടെ ചിന്തയെയും സര്‍ഗ്ഗാത്മകതയെയും വിലാസവത്കരിക്കുന്നതായിരിക്കുമെന്നും മുനവ്വര്‍ തങ്ങള്‍ വ്യക്തമാക്കി. കേരളത്തിലെ യുവത വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചു നടന്ന സ്വപ്നത്തിന്റെ യാഥാര്‍ഥ്യവത്കരണം തന്റെകൂടി ജീവിത സാഫല്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസ് സ്വാഗതമാശംസിച്ചു. ഹ്രസ്വമായ കാലയളവില്‍ മന്ദിരത്തിന്റെ പണി പൂര്‍ത്തീകരിക്കാനായതിന്റെ കണ്ണീരിന്റെയും പുഞ്ചിരിയുടെയും കഥ അദ്ദേഹം വിവരിച്ചു.
മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പാണ്ട്യലയില്‍ നിന്നു പ്രവര്‍ത്തിച്ചു തുടങ്ങി, വലിയ സംവിധാനങ്ങളിലേക്കുയര്‍ന്ന പാര്‍ട്ടി സംവിധാനങ്ങള്‍ സാദിഖലി തങ്ങള്‍ ഓര്‍ത്തു.
മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, പാര്‍ട്ടി എം.പി. മാരായ ഇ. ടി. മുഹമ്മദ് ബഷീര്‍, എം. പി. അബ്ദുസമദ് സമദാനി, പി. വി. അബ്ദുല്‍ വഹാബ്, പാര്‍ട്ടി എം.എല്‍.എ.മാരായ കെ. പി. എ. മജീദ്, ഡോ: എം. കെ. മുനീര്‍, നജീബ് കാന്തപുരം, എ. കെ. എം. അശ്‌റഫ്, ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അഡ്വ. പി. എം. എ. സലാം, സെക്രട്ടറിമാരായ കെ. എം. ഷാജി, അബ്ദുറഹ് മാന്‍ രണ്ടത്താണി, സുഹ്‌റ മമ്പാട് എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ എം. എ. സമദ് നന്ദി പറഞ്ഞു.
യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍, മുന്‍ സെക്രട്ടറി സി. കെ. സുബൈര്‍, യൂത്ത് ലീഗ് സ്ഥാപക പ്രസിഡന്റ് കെ. കെ. മുഹമ്മദ്, മുന്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, യൂത്തു ലീഗ് സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഡ്വ. സുള്‍ഫിക്കര്‍ സലാം, പി. ഇസ്മാഈല്‍ വയനാട്, പി. കെ. സുബൈര്‍, പി. എ. അബ്ദുല്‍കരീം, പി. എ. അഹമ്മദ് കബീര്‍, മലപ്പുറം മുനി. ചെയര്‍മാന്‍ മുജീബ് കാടേരി, പി. ജി. മുഹമ്മദ്, കെ. എസ്. സിയാദ്, ആഷിഖ് ചെലവൂര്‍, നാദാപുരം പഞ്ചായത്തു പ്രസിഡന്റ് വി. വി. മുഹമ്മദലി, പി. പി. അന്‍വര്‍ സാദത്ത്, എം. എസ്. എഫ്. ദേശീയ പ്രസിഡന്റ് ടി. പി. അഷ്‌റഫലി, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം. എ. റസാഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.
ആസ്ഥാനമന്ദിരം രൂപ കല്പന ചെയ്ത ആര്‍ക്കിടെക്റ്റ് ടോണി, കോണ്‍ട്രാക്ടര്‍ അക്ബര്‍ സാദിക്, നേതൃത്വം നല്‍കിയ ടി. പി. എം. ജിഷാന്‍ എന്നിവര്‍ക്കുള്ള ഉപഹാരം സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.