കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തില്‍ അപൂര്‍വ്വയിനം പക്ഷികള്‍ ഉള്ളതായി കണക്കെടുപ്പില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്നുദിവസമായി ഇവിടെ കണക്കെടുപ്പ് നടക്കുകയായിരുന്നു. ജില്ലാ വനംവകുപ്പും മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായാണ് കണക്കെടുപ്പ് നടത്തിയത്.
149 ഇനത്തെയാണ് ആകെ കണ്ടെത്തിയത്. പൊടിപൊന്മാന്‍, ബെസ്ര പ്രാപ്പിടിയന്‍, കിന്നരി പ്രാപരുന്ത്, റിപ്ലിമൂങ്ങ എന്നിവയാണ് കണ്ടെത്തിയ അപൂര്‍വ്വയിനങ്ങള്‍. പതിനെട്ടു ഇനങ്ങള്‍ ദേശാടകരാണ്. പതിനഞ്ചെണ്ണം പശ്ചിമഘട്ട മലനിരയില്‍ നിന്ന് എത്തിയവയാണ്. ഇതുമായി ബന്ധപ്പെട്ട അവലോകനയോഗം ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ലത്തീഫ് ചോലക്കല്‍ ഉദ്ഘാടനം ചെയ്തു. റേഞ്ച് ഓഫീസര്‍ കെ.വി ബിജു അധ്യക്ഷനായി. എം, എന്‍.എച്ച്.എസ് പ്രസിഡന്റ് സത്യന്‍ മേപ്പയ്യൂര്‍ സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണക്കെടുപ്പില്‍ വനംവകുപ്പ് ജീവനക്കാരും 32ഓളം പക്ഷി നിരീക്ഷകരും പങ്കെടുത്തു. മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി ഭാരവാഹികളായ സി.ജെ തോമസ്, ഡോ. മുഹമ്മദ് റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.