കുന്ദമംഗലം: പന്തീരങ്കാവില്‍ പുതുതായി നിര്‍മ്മിക്കുന്ന പോലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ പ്ലാന്‍ പി.ടി.എ റഹീം എം.എല്‍.എ സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല് മീണക്ക് കൈമാറി. ചാലിയാറിന്റെ തീരത്ത് റവന്യൂ വകുപ്പ് വിട്ടുനല്‍കിയ 25 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ മാതൃകാ പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നതിന് പദ്ധതിയായത്. കോ-എര്‍ത്താണ് പ്ലാനും എലിവേഷനും തയ്യാറാക്കിയത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ അധ്യക്ഷത വഹിച്ചു. കോ-എര്‍ത്ത് പ്രതിനിധി അഫ്സല് പ്ലാന്‍ അവതരിപ്പിച്ചു. കോഴിക്കോട് സിറ്റി ഡിസിപി കെ.ഇ ബൈജു, ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷാജി പനങ്കാവില്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസിപി ഉമേഷ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സെക്രട്ടറി ശശികുമാര്‍ സംസാരിച്ചു. പോലീസ് അസോസിയേഷന് സെക്രട്ടറി വി.പി പവിത്രന് സ്വാഗതവും കെ.പി.എ നിര്‍വാഹക സമിതി അംഗം ഇ രജീഷ് നന്ദിയും പറഞ്ഞു