Wednesday, June 18, 2025

ഒരു ദേശത്തിന്റെ കൈത്താങ്ങായി വയനാട് ഗ്ലോബല്‍ കെ.എം.സി.സി

Must Read

വ്യവസ്ഥാപിതവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു ദേശത്തിന്റെയും ആ ദേശത്തെ പ്രവാസികളുടെയും പ്രത്യാശയായി മാറിയിരിക്കുകയാണ് വയനാട് ജില്ലാ ഗ്ലോബല്‍ കെ.എം.സി.സി എന്ന സന്നദ്ധ സാംസ്‌കാരിക സംഘടന. ഗള്‍ഫ് രാജ്യങ്ങളുടെ നിയമങ്ങളും താല്‍പര്യങ്ങളും അതാതു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അനുകൂലമായി മാറികൊണ്ടിരിക്കുമ്പോള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള വയനാട്ടിലെ കെ.എം.സി.സി. പ്രവര്‍ത്തകര്‍, അവര്‍ക്കനുകൂലമാകുന്ന ഭാവി പദ്ധതികളുടെ സജീവ ആലോചനകളിലാണിപ്പോള്‍. സാമ്പത്തികവും ചരിത്രപരവുമായ പല കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലയില്‍ അനിവാര്യതയുടെ സൃഷ്ടിയെന്നോണം കൃത്യം ഒരു വര്‍ഷം മുന്‍പാണ് ജില്ലാ മുസ്‌ലിം ലീഗിന്റെ നേതൃപങ്കോടെ ഗ്ലോബല്‍ കെ.എം.സി.സി. വയനാട് രൂപവത് കരിക്കപ്പെടുന്നത്. വയനാട്ടില്‍ നിന്നുള്ള  പ്രവാസികളില്‍ 80 % വും മുസ്‌ലിംകളാണ്. അതില്‍ ഭൂരിഭാഗവും സാധാരണക്കാരുമാണ്. തലമുറകളായി മറ്റു ദേശങ്ങളില്‍ നിന്ന് ചുരം കയറിപ്പാര്‍ത്തവരും കൂടും കുടുംബവും വെടിഞ്ഞ്  പ്രവാസികളെ ആശ്രയിച്ചു നില്‍ക്കുന്നവരുമാണ് വയനാട്ടിലെ പ്രവാസികുടുംബങ്ങളിലുള്ളവര്‍. ഈ അവസ്ഥ തന്നെയാണ് ഇപ്പോള്‍ ജോലി നഷ്ടപ്പെടുന്ന വിദേശ മലയാളികളുടെ പൊതുവായ പേടി സ്വപ്‌നവും. നാട്ടില്‍ വന്നാല്‍ എന്ത് ചെയ്യും?

ഇത്തരമൊരു ആലോചന ശക്തിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വായനാട്ടുകാരായ  കെ.എം.സി.സി.  പ്രവര്‍ത്തകരെ കോര്‍ത്തിണക്കി ഗ്ലോബല്‍  കെ.എം.സി.സി.  എന്ന ആശയം മുന്‍പോട്ടു വെച്ചത്. ലോകത്തെ നിശ്ചലമാക്കിയ കൊവിഡിന് ഏതാനും മാസങ്ങള്‍ക്കു മുന്പു തന്നെ ഗ്ലോബല്‍  കെ.എം.സി.സി.  രൂപം കൊണ്ടത് ദൈവ നിശ്ചയമായിരിക്കാം. കൊവിഡ് കാലത്ത് പ്രതിസന്ധിയിലകപ്പെട്ട, ജില്ലയിലെ 2500 ഓളം പ്രവാസി കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കി സമാശ്വാസം പകര്‍ന്നാണ് ഗ്ലോബല്‍  കെ.എം.സി.സി.  അതിന്റെ ചരിത്രപരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചത്. ദുബൈയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ദുബൈ  കെ.എം.സി.സി.  സംസ്ഥാന സെക്രട്ടറിയുമായ മജീദ് മണിയോടന്‍ പ്രസിഡന്റും, സൗദി അറേബ്യയിലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലെ നിറ സാന്നിധ്യവുമായ അസീസ് കോറോം ജനറല്‍ സെക്രട്ടറിയും, പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഹംസക്കുട്ടി ബത്തേരി ട്രഷററുമായ പ്രഥമ കമ്മിറ്റിയാണ് ഗ്ലോബല്‍  കെ.എം.സി.സി.യെ നയിക്കുന്നത്.
യു.എ.ഇ, സൗദി, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളില്‍ നിന്നും സഹ ഭാരവാഹികളുള്ള ഗ്ലോബല്‍  കെ.എം.സി.സി, ജില്ലാടിസ്ഥാനത്തില്‍ വരുന്ന പ്രഥമ ജില്ലയാണ് വയനാട്. ശാസ്ത്രീയമായ രീതിയിലാണ് സംഘടന ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്. ജില്ലയിലെ മുഴുവന്‍ മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളിലും ഇതിനകം കമ്മിറ്റികള്‍ രൂപവത്കരിക്കപ്പെട്ടു. പഞ്ചായത്തു തലങ്ങളില്‍ ”കനിവിന്റെ ചിറകൊരുക്കാം; ഒരുമയില്‍ അണിനിരക്കാം” എന്ന ശീര്‍ഷകത്തില്‍  കാമ്പയിന്‍ ആചരിചരിച്ചു വരികയാണിപ്പോള്‍. കാമ്പയിന്റെ ഔദ്യോഗിക ഉത്ഘാടനം കഴിഞ്ഞ ദിവസം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജില്ലാ ലീഗ് സാരഥികളായ പി. പി. എ. കരീം, കെ. കെ. അഹ്മദ് ഹാജി എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്ലോബല്‍ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി അസീസ് കോറോത്തിന് ആദ്യ മെമ്പര്‍ഷിപ് നല്‍കി കൊടപ്പനക്കല്‍ വസതിയില്‍ വെച്ചായിരുന്നു ഉദ്ഘാടനം.

കെ.എം.സി.സി. മെമ്പര്‍ഷിപ്പുള്ള ജില്ലയിലെ മുഴുവന്‍ പ്രവാസികളെയും സംഘടനയുടെ ഭാഗമാക്കുക എന്നതാണ് പ്രചരണ പരിപാടി ലക്ഷ്യമിടുന്നത്. പ്രവാസലോകത്തെ പ്രാസ്ഥാനിക പ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്താനും പരസ്പരം ആശ്രയമാകാനും  നാടുമായുള്ള ബന്ധം നിലനിര്‍ത്താനും ലക്ഷ്യമിട്ടായിരുന്നു ഒരു വര്‍ഷം മുമ്പ്  ഗ്ലോബല്‍ കെ.എം.സി.സി.  വാട്സ് ആപ് വഴി തുടക്കം കുറിച്ചത്. പിന്നീട് എല്ലാ ജി.സി.സി. രാജ്യങ്ങളിലേക്കും ഈ  കൂട്ടായ്മ വളര്‍ന്നു. തുടര്‍ന്ന് കുറേക്കൂടി വികസിച്ച ലക്ഷ്യത്തിലേക്ക് ജിസിസി ഗ്ലോബല്‍ കെ.എം.സി.സി. വയനാട് , വഴിമാറുകയാണുണ്ടായത്. കാലങ്ങളായി രാജ്യത്തു പ്രവര്‍ത്തിച്ചു വരുന്ന മിക്ക സംഘടനകളെയും വെല്ലും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് ചുരുങ്ങിയ കാലയളവില്‍ ഈ കമ്മിറ്റി ചെയ്തുതീര്‍ത്തിരിക്കുന്നത്. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള ചലനാത്മകമ ഇടപെടലുകള്‍ക്ക് പുറമെ പ്രവാസികള്‍ക്കും നാട്ടിനും ഗുണകരമായ വന്‍ പദ്ധതികളും ആസൂത്രണം ചെയ്തുവരികയാണ് ഗ്ലോബല്‍ കെ.എം.സി.സി.
മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പൂര്‍ത്തിയാകുന്നതോടെ അംഗങ്ങളുടെ തോതനുസരിച്ച് അഞ്ചു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയുള്ള സുരക്ഷാ സ്‌കീം പദ്ധതി കമ്മിറ്റിയുടെ പ്രഥമ പരിഗണയിലുണ്ട്. മരണാനന്തര ധനസഹായം എന്ന പതിവ് കാഴ്ചയില്‍ നിന്ന് ഭിന്നമായി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആവശ്യമായ സഹായങ്ങള്‍ നല്‍കി തണലാവുക എന്ന ആശയത്തിനാണ് മുന്‍ഗണന.
വ്യവസായം, വ്യാപാരം, സേവനം, ഉല്‍പാദനം, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നീ മേഖലകളില്‍ കൂടി കടത്താനുള്ള ഒരുക്കത്തിലാണ് ഈ  കൂട്ടായ്മ. ആളുകളെ ചേര്‍ത്തു നിര്‍ത്തുന്നതിലും ആത്മവിശ്വാസം പകരുന്നതിലും ഏറെ മുമ്പിലാണ് ഈ വയനാടന്‍ സംഘം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img