കോഴിക്കോട്: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ എറണാകുളം സ്വദേശികളായ രണ്ടു സുഹൃത്തുക്കള്‍ അറസ്റ്റില്‍. അല്ലപറമ്പ് എ.ആര് അമ്പാടി(19), പള്ളിപ്പുറം സ്വദേശി മങ്ങാട് വീട്ടില്‍ എന്‍.പി അമല്‍(20) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 18നാണ് കേസിന് ആസ്പദമായ സംഭവം. വിദ്യാര്‍ത്ഥിനിയെ ഗോവിന്ദപുരത്തുള്ള താമസസ്ഥലത്ത് എത്തിച്ച് മദ്യം നല്കി മയക്കിയശേഷം പ്രതികള്‍ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു.
പുലര്‍ച്ചെ രണ്ടിനാണ് പെണ്‍കുട്ടിക്ക് ബോധം തെളിഞ്ഞത്. അപ്പോള്‍ അമലും അമ്പാടിയും മദ്യലഹരിയില്‍ കിടക്കുകയായിരുന്നു. പെണ്‍കുട്ടി സഹപാഠിയായ നഴ്സിങ് വിദ്യാര്‍ത്ഥിയെ വില്ച്ചുവരുത്തുകയും അയാളുടെ സഹായത്തോടെ താമസസ്ഥലത്ത് എത്തുകയുമായിരുന്നു. സംഭവം പെണ്‍കുട്ടി ബന്ധുക്കളെ അറിയിക്കുകയും പിന്നീട് കസബ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് പ്രതികളെ താമസസ്ഥലത്ത് വെച്ചുതന്നെ പിടികൂടുകയായിരുന്നു. അമല്‍ ഡയാലിസിസ് ടെക്നീഷ്യന് കോഴ്സ് പഠിക്കുന്ന ആളാണ്. അമ്പാടി എറണാകുളത്ത് ബി.എസ്.സി ബോട്ടണി വിദ്യാര്‍ത്ഥിയാണ്.
ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജ്, കസബ എസ്.ഐ എന്‍.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.