ബംഗളുരു: മൈസുരു-ബംഗളുരു പത്തുവരി അതിവേഗപാതയുടെ ഉദ്ഘാടനം 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. അന്ന് മാണ്ഡ്യയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ടായിരിക്കും. ഉദ്ഘാടനദിവസം രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്.എന്‍ ഗോപാലകൃഷ്ണ അറിയിച്ചു.
അതനുസരിച്ച് മൈസുരുവില്‍ നിന്ന് മാണ്ഡ്യ വഴി ബംഗളുരുവിലേക്കുള്ള വാഹനങ്ങള്‍ മൈസൂരു-ബന്നൂര്‍-കിരുഗാവലു-മലവള്ളി-ഹാലഗൂര്‍ വഴി പോകണം. ബംഗളുരുവില്‍ നിന്ന് മാണ്ഡ്യവഴി മൈസൂരിലേക്കുള്ള വാഹനങ്ങള്‍ ബംഗളുരു-ചന്നപട്ടണം-ഹാലഗൂര്‍-മലവള്ളി-കിരിഗാവലു വഴിയാണ് പോകേണ്ടത്. മൈസുരുവില്‍ നിന്ന് തുമകൂരുവിലേക്കുള്ള വാഹനങ്ങള്‍ മൈസുരു-ശ്രീരംഗപട്ടണം, പാണ്ഡവപുരം-നാഗമംഗലം, ബെല്ലൂര്‍ ക്രോസ് വഴി പോകണം.