കോഴിക്കോട്: മുസ്ലിംലീഗ് അംഗത്വകാമ്പയിന് അവസാന ഘട്ടത്തിലെത്തിയപ്പോള്‍ സംഘടനയ്ക്ക് രണ്ടര ലക്ഷം പുതിയ അംഗങ്ങളുണ്ടായെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ആകെ മെമ്പര്‍മാരുടെ എണ്ണം 24,33,292 ആയി . പുതിയ സംസ്ഥാന കമ്മിറ്റി മാര്‍ച്ച് നാലിന് നിലവില്‍വരുമെന്നും അദ്ദേഹം അറിയിച്ചു.
മലപ്പുറത്തും കാസര്‍കോട്ടും ഇതിനകം ജില്ലാ കമ്മിറ്റികള്‍ നിലവില്‍വന്നു. മറ്റു ജില്ലകളില്‍ ഈമാസം 28നകം പൂര്‍ത്തിയാകും. പുതിയ അംഗങ്ങളില്‍ 51 ശതമാനം വനിതകളാണ്. 61 ശതമാനവും 35 വയസിനു താഴെയുള്ള യുവാക്കളാണ്. അംഗത്വ കാമ്പയിന് ഡിജിറ്റലായി പൂര്‍ത്തിയാക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാവുകയാണ് ലീഗ്-പി.എം.എ സലാം പറഞ്ഞു.
പുതിയ സംസ്ഥാന സമിതിയില്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടാതെ 19 ഭാരവാഹികളുണ്ടാകും. ഇതുകൂടാതെ 21 അംഗ സെക്രട്ടേറിയറ്റും 75 അംഗ പ്രവര്ത്തകസമിതിയുമുണ്ടാകും. സംസ്ഥാന കൗണ്‍സിലില്‍ 500 അംഗങ്ങളുണ്ടായിരിക്കും. 7,300 ശാഖാ കമ്മിറ്റികളാണ് മുസ്ലിംലീഗിനുള്ളത്. പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു ഭാരവാഹിത്വമേ ഉണ്ടാകൂവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഇളവു നല്കാന് സംസ്ഥാന പ്രസിഡന്റിന് അധികാരമുണ്ടായിരിക്കുമെന്നും പി.എം.എ സലാം വ്യക്തമാക്കി.
പ്രവാസി പെന്ഷന് അര്‍ഹതയില്ലാത്തവരിലേക്ക് പോകുന്ന കാര്യം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തതായി പി.എം.എ സലാം പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രക്ഷോഭം സംഘടിപ്പിക്കും. ഇതു സംബന്ധിച്ച് നോര്‍ക്ക അന്വേഷണം നടത്തിവരുകയാണ്. മാര്‍ച്ച് അഞ്ചിന് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം കോഴിക്കോട്ടുവച്ച് നടത്തുമെന്നും പി.എം.എ സലാം അറിയിച്ചു.