കോഴിക്കോട്: മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തിന് തുടക്കമായി. ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.കെ ബാവ പതാക ഉയര്‍ത്തി. ഫാസിസത്തിനും മതനിരാസത്തിനും എതിരെ ജനാധിപത്യ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് പി.കെ.കെ ബാവ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.
ജില്ലയില്‍ പുതുതായി 40,000 പേര്‍ മെമ്പര്‍ഷിപ്പ് എടുത്തതായി ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. മൊത്തം നാലുലക്ഷം മെമ്പര്‍മാരാണ് ജില്ലയിലുള്ളത്. പ്രതിനിധി സമ്മേളനം കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ. പി.എം എ സലാം ഉദ്ഘാടനം ചെയ്തു. കെ.എന്‍.എ ഖാദര്‍ പ്രതിനിധികളുമായി സംവദിച്ചു.
19ന് വൈകുന്നേരം മൂന്നിന് യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏക സിവില്‍കോഡ് വെല്ലുവിളിക്കപ്പെടുന്ന മൗലികാവകാശങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, പന്ന്യന്‍ രവീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, പി.കെ ഫിറോസ്, മുഹമ്മദ് ഷാ എന്നിവര്‍ സംബന്ധിക്കും.
21ന് രാവിലെ ഒമ്പത് മണിക്ക് താമരശ്ശേരി പരപ്പന്‍പൊയില്‍ വെഡ്ലാന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാമ്പസ് പാര്‍ലമെന്റ് സംഘടിപ്പിക്കും. എം.പി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും.
26ന് കടപ്പുറം മറൈന്‍ ഗ്രൗണ്ടില്‍ വനിതാസംഗമം നടക്കും. വനിതാലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫര്‍ ഉദ്ഘാടനം ചെയ്യും. അന്ന് വൈകുന്നേരം അഞ്ചിന് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. 28ന് ജില്ലാ കൗണ്‍സില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.