കോഴിക്കോട്: സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥി കണ്‍സഷന്‍ അട്ടിമറിക്കാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് നടത്തിയ മാര്‍ച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു.
കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും എം ഡി യുടെയോ സര്‍ക്കാരിന്റെയോ ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ കെടുകാര്യസ്ഥതയില്‍ വിദ്യാര്‍ത്ഥികളുടെ മേക്കിട്ട് കയറേണ്ടതില്ല. അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മറ്റു സ്ഥാപനങ്ങളിലേതു പോലെ തന്നെ കണ്‍സഷന്‍ അവകാശമുള്ളവരാണ്. അവരെ കണ്‍സഷന്‍ നേടുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നതല്ലയെന്നും 25 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ല എന്നുള്ള നിലപാട് വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും വിദ്യാര്‍ത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തില്‍ തരം തിരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ എ പി എല്‍, ബി പി എല്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ വേര്‍തിരിക്കുന്നതിലൂടെ സൃഷ്ടിക്കുന്നതെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു. വി.ടി നിഹാല്‍, വി.ടി സൂരജ്, സനൂജ് കുരുവറ്റൂര്‍ , എം.പി രാഗിന്‍, എ.കെ ജാനിബ്, അര്‍ജുന്‍ പൂനത്ത്, എ.കെ അന്‍ഷിദ്, ഷംലിക്ക് കുരിക്കള്‍, ഗോകുല്‍ ഗുരുവായൂര്‍, അനീഷ് ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.