ഖാഇദേ വില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മരണത്തിന് കുറച്ചു മുമ്പ് തമിഴ് നാട് ലീഗ് ഘടകത്തിലെ മുസ്തഫ അതിരുകള്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ലീഗ് പ്രാദേശിക നേതാവിനോട് ഒരു ആഗ്രഹം അറിയിച്ചു. ‘എനിക്ക് കുമരി സാഹിബിന്റെ സീറാ ആലാപനം കേള്‍ക്കണം..
അതിരുകള്‍ മുസ്തഫ തന്നെയാണ് വടപളനിയില്‍ ഈ സംഭവം എന്നോട് വിശദീകരിച്ചത്.. ഇസ്മയില്‍ സാഹിബിന്റെ ആവശ്യമല്ലേ, മുസ്തഫ ഉടന്‍ തന്നെ കുമരി സാഹിബിനെ തേടി ഇറങ്ങി.ആര്‍ക്കും അറിയില്ല; ഇങ്ങനെ ഒരാളെ.. ഒടുവില്‍ ചാന്‍സ് തേടി ചെന്നൈയിലെത്തിയ ഗായകന്‍ അയിരൂര്‍ സദാശിവനെ കണ്ടെത്തി.അയിരൂരിന് ആളെ മനസ്സിലായി.മുസ്തഫയെ കൂട്ടി എം.കെ.അര്‍ജ്ജുനന്‍ മാഷുടെ സ്വാമീസ് ലോഡ്ജിലെ സങ്കേതത്തിലെത്തി.ചെല്ലുമ്പോള്‍ ആര്‍.കെ.ശേഖറുണ്ട്. സംഗതി കേട്ട അര്‍ജ്ജുനന്‍ മാസ്റ്റര്‍ ശിഷ്യന്‍ ശേഖറെ ചുമതലപ്പെടുത്തി. ഇന്ന് വിശ്വ സംഗീതജ്ഞനായി മാറിയ എ.ആര്‍ റഹ്മാന്‍ കൊച്ചു കുട്ടിയാണെങ്കിലും മൗത്ത് ഓര്‍ഗന്‍ വായിച്ച് ആ മുറിയിലുണ്ട്.
ആര്‍.കെ ശേഖര്‍ കുമരി സാഹിബിനെ തേടി അലയുമ്പോള്‍ വിവരം കിട്ടി. അദ്ദേഹം അജ്മീറില്‍ ഒരു ഗായക സംഘത്തിനൊപ്പം ഒരു മാസമായി ദര്‍ഗക്കു മുന്നില്‍ തമ്പടിച്ചിരിക്കുകയാണ്. മുസ്തഫ അജ്മീറിലേക്ക് പുറപ്പെട്ടു. കുമരിയെ കണ്ടെത്തി വിവരം പറഞ്ഞു. ‘ശരി.നമ്മള്‍ പുറപ്പെടാം.. ഇസ്മാഈല്‍ സാഹിബ് എന്റെയും പ്രിയപ്പെട്ട നേതാവാണ്..’
മദിരാശിയിലെത്തി. പാര്‍ലിമെന്റംഗം ആണെങ്കിലും രോഗാവസ്ഥകളില്‍ മദിരാശിയില്‍ തങ്ങിയിരിക്കയാണ് ഇസ്മാഈല്‍ സാഹിബ്. ചെന്ന് കണ്ടു. ഇസ്മാഈല്‍ സാഹിബ് മുമ്പ് പലകുറി കുമരി സാഹിബിന്റെ സീറാ ആലാപനം ശ്രവിച്ചിട്ടുണ്ട്.. ‘മകള്‍, ഫാത്വിമയുടെ പട്ടിണി നാളുകളും പ്രവാചകന്‍ അന്നനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും അടങ്ങുന്ന ഭാഗം ഒന്നു പാടൂ.. കുമരി അബൂബക്കര്‍ സാഹിബ് എന്ന ആ സീറാ പാരായണ സമ്പന്നന്‍ പെട്ടെന്ന് രണ്ട് ശിഷ്യരുമൊത്തിരുന്ന് ഇസ്മാഈല്‍ സാഹിബ് സൂചിപ്പിച്ച പ്രവാചക ജീവിതം ആലപിച്ചു.
കിടക്കയില്‍ ചാരി ഇരുന്ന് ആ ശ്രവണ സുന്ദര ഗീതികള്‍ മതിവരുവോളം ആസ്വദിച്ച് ഇസ്മാഈല്‍ സാഹിബ് കുമരിയെ ഗാഢാശ്ലേഷത്തിലമര്‍ത്തി. എന്നും നിസ്വനായിരുന്ന ആ നേതാവ് പരിചാരകരനെ വിളിച്ച് അലമാരയിലെ മരപ്പെട്ടി എടുക്കാന്‍ പറഞ്ഞു. അതു തുറന്നു. വിലപിടിപ്പുള്ള ഒരു വാസനാദ്രവ്യത്തിന്റെ സീല്‍ പൊളിക്കാത്ത കുഞ്ഞുകുപ്പി.
‘ഇതാ; ഇത് സൂക്ഷിക്കുക..’
കുമരിയുടെ കണ്ണു നിറഞ്ഞതായി മുസ്തഫ ഓര്‍ത്തു. യാത്ര പറഞ്ഞ് ലഘു ഭക്ഷണവും കഴിച്ച് ഇറങ്ങുമ്പോള്‍ മുസ്തഫ ഒരു കവര്‍ കുമരിക്കു നീട്ടി.
എന്താദ്?
ചെറിയ പാരിതോഷികം…
കുമരി അതു വാങ്ങി. അഞ്ച് നൂറിന്റെ നോട്ടുകള്‍.. അതേ പടി കവറിലിട്ട് മുസ്തഫക്കു നല്‍കി.
ഇസ്മാഈല്‍ അണ്ണാവുക്ക് ഇത് തരാന്‍ കെല്‍പ്പില്ല.. നിങ്ങള്‍ ഇത് പള്ളിയില്‍ കൊടുത്തോളൂ..
കുമരി അബൂബക്കറിന്റെ വിട വാങ്ങല്‍ വാര്‍ത്ത ‘തത്സമയം’ ഇപേപ്പറില്‍ വായിച്ച ഞാന്‍ അതും ഓര്‍ത്തത് വര്‍ഷങ്ങള്‍ക്കു മുമ്പ് മുസ്തഫ അതിരുകള്‍ പറഞ്ഞു തന്ന ഈ സംഭവമാണ്. ഇസ്മാഈല്‍ സാഹിബ് ഇന്നില്ല.. മുസ്തഫയും മരണപ്പെട്ടു. (ഒരു മകന്‍ കോയമ്പത്തൂരിലുണ്ട്) ഇതാ.. കുമരി അബൂബക്കര്‍ സാഹിബും 83ാം വയസില്‍ ഒക്ടോബര്‍ 23ന് ചെന്നൈയില്‍ അന്തരിച്ചു. അവിടെ തന്നെ മറമാടി.
1937ഏപ്രിലില്‍ തിരുവനന്തപുരം പൂവാറിലെ കൊല്ലങ്കോട് പൊഴിയൂരില്‍ അസമാബിനാഗൂര്‍കനി റാവുത്തരുടെ മൂന്ന് മക്കളില്‍ മൂത്തവനായി ജനിച്ച അബൂബക്കര്‍ ബാല്യത്തിലേ കര്‍ണാടിക് സംഗീതത്തില്‍ ആകൃഷടനായിരുന്നു. ശീര്‍കാഴി ഗോവിന്ദരാജയായിരുന്നു ‘ആ ഏകലവ്യ’ന്റെ സങ്കല്‍പ്പ ഗുരു. ശീര്‍കാഴിയുടെ സംഗീത കച്ചേരി അബൂബക്കറിന്റെ ബാല്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രാങ്കണങ്ങളില്‍ സ്ഥിരം ആയിരുന്നു. ശീര്‍കാഴിയെപ്പോലെ ഭക്തി ഗാനങ്ങള്‍ ആലപിക്കാന്‍ മറ്റൊരു സംഗീതജ്ഞന്‍ അക്കാലം ഇല്ലായിരുന്നു. പൂവാര്‍ സ്‌കൂളില്‍ ഒമ്പതാം തരം വരെ മാത്രമേ അബൂക്കര്‍ പഠിച്ചുള്ളൂ. പിന്നീട്, സംഗീതം തേടിയുള്ള അലച്ചിലായി. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ കെ.പി.എ.സി നാടകത്തിലെ മലയാള ഗാനങ്ങളും ആ പ്രായത്തില്‍ അബൂബക്കറിനെ ആകര്‍ഷിച്ചു.
ചങ്ങനാശ്ശേരി ലക്ഷമിപുരം കൊട്ടാരത്തിലാണ് ജനനമെങ്കിലും സുപ്രസിദ്ധ സംഗീതജ്ഞന്‍ എല്‍.പി.ആര്‍ വര്‍മ്മയുടെ മുഖ്യ തട്ടകം തിരുവനന്തപുരം ആയിരുന്നു. ചങ്ങനാശ്ശേരി ലക്ഷ്മീപുരം തമ്പുരാന്‍ ആയതിനാല്‍ കവടിയാര്‍ പാലസിലെ സ്വകാര്യ കച്ചേരികള്‍ക്ക് എല്‍.പി.ആര്‍ സഥിരം തിരുവനന്തപുരം തങ്ങും. ഒരു വര്‍ഷം തക്കലയില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ എല്‍.പി.ആറിന്റെ കച്ചേരി കേട്ട അബൂബക്കര്‍ ‘തമ്പുരാനെ’ പരിചയപ്പെട്ടു.
‘നീ തമിഴ് നാട്ടില്‍ പോകൂ.. ഭാവിയുണ്ട്..’
ആ ആഹ്വാനം അബൂബക്കര്‍ ഹൃദയാ സ്വീകരിച്ചു. തമിഴ് നാട്ടിലെ ദര്‍ഗകളില്‍ ‘സീറാ പാരായണം’ മുഖ്യ ഇനമാണ്. അക്കാലം ഗുണങ്കുടി മസ്താന്റെ രചനകളാണ് ഏറെ പ്രചാരത്തിലുള്ളത്. തല നിറയെ സംഗീത മോഹങ്ങളുമായി അബൂബക്കര്‍ സീറാ പാരായണം ഉള്ളിടത്തൊക്കെ അലഞ്ഞു.
സാമാന്യം സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു പൂവാറില്‍ അബൂബക്കറിന്റേത്. കൊല്ലങ്കോട് പൊഴിയൂരില്‍ അത്യാവശ്യം ഭൂസ്വത്തുമുണ്ട്. മൂത്ത ജ്യേഷ്ഠന്‍ നാഗുര്‍കനി തമിഴ്‌നാട്ടില്‍ കാണാന്‍ പോകുമ്പോള്‍ നല്ലൊരു തുക സഹോദരനെ ഏല്‍പ്പിക്കും. പള്ളുരുത്തിയില്‍ നിന്ന് പി.ജെ.ആന്റണിയുടെ ക്ഷണം സ്വീകരിച്ചു, സംഗീത സംവിധാന മോഹവുമായി എത്തിയ എ.കെ.അര്‍ജ്ജുനനും ആര്‍.കെ.ശേഖറിനൊപ്പമുണ്ട്. ദാരിദ്ര്യം കൊടികുത്തി നിന്ന നാളുകള്‍.
എന്റെ നാലുവര്‍ഷത്തെ മദ്രാസ് ജീവിത കാലത്ത് ഞാനേറെ അലഞ്ഞത് സിനിമാമോഹവുമായി വന്നടിഞ്ഞ ജീവിതങ്ങളെ പഠിക്കാനായിരുന്നു. എഴുതി അയച്ചാല്‍ കാമ്പിശ്ശേരി എന്ന പത്രാധിപര്‍ മടിയേതുമില്ലാതെ 50 രൂപ അയച്ചു തരും. 1.75ന് നല്ല മീന്‍ കറി ഊണ്‍ വടപളനിയിലും കോടമ്പാക്കത്തും കിട്ടുന്ന സുന്ദര നാളുകള്‍. സൗന്ദരരാജനു പോലും ഒരു പാട്ടിന് 100 രൂപ കിട്ടുന്ന നാളുകള്‍ ആയിരുന്നു അത്. ഈ നാളുകളില്‍ ആര്‍.കെ.ശേഖറുടെ വീട്ടില്‍ പോകുമ്പോള്‍ ഒരു ഭക്ഷ്യകിറ്റ് കുമരി കരുതും. ഹാര്‍മോണിയവുമായി മല്ലിടുന്ന റഹ്മാന്‍ വിളിക്കും.. ‘ഉസ്താദ്്…
സ്വന്തം സംഗീത ട്രൂപ്പില്‍ ഒരംഗമായി കുമരിയെ കൊണ്ടുപോകുമ്പോഴും റഹ്മാന്‍ ‘ഉസ്താദ്…’ എന്നു തന്നെ വിളിച്ചു.
തമ്പാനൂരിലെ ബാപ്പുക്കണ്ണ് എന്ന ഹലൈമണി ആശാന്‍
തമിഴ്‌നാട് ദര്‍ഗകളില്‍ സ്ഥിരം നബികീര്‍ത്തനങ്ങള്‍ ആലപിച്ച് വിശ്വാസികളെ ആകര്‍ഷിക്കുന്ന കാലം.
‘കണ്‍മുന്നില്‍ നിന്ന് ചിരിക്കും;
കാണാതെ വന്നു കഴുത്തു ഞെരിക്കും… പാടിയ ഉദയഭാനു, കരുണാനിധിയും എം ജി ആറുമൊക്കെ ബഹുമാനിച്ചിരുന്ന ലൈലാമണി നാഗുര്‍ ഹനീഫ എന്നിവരുടെ സ്‌നേഹവും പ്രോത്സാഹനവും കുമരിയെ സംഗീത ലോകത്ത് ചിര പ്രതിഷഠനാവാന്‍ ഏറെ സഹായിച്ചു. മഹാകവി ഉമര്‍ പുലവര്‍ തമിഴില്‍ ‘തിരുകുറള്‍’ സമാനം മുസ്‌ലിം ഹൃദയങ്ങളില്‍ സിംഹാസനം ഉറപ്പിച്ചിരുന്നു. ഉമര്‍ പുലവരെ കുമരി അബൂബക്കര്‍ നിഴല്‍ പോലെ പിന്തുടര്‍ന്നു, ആസ്വദിച്ചു, പഠിച്ചു. സൂഫി സംഗീതം എന്ന സുറുമയിട്ട പാട്ട് വിതാനങ്ങളിലേക്ക് അബൂബക്കര്‍ സധൈര്യം കടന്നു ചെന്നു.
ഇക്കാലം കേരളത്തില്‍ യേശുദാസ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയ നാളുകളില്‍ മൂന്ന് വേദികളില്‍ കച്ചേരി നടത്താന്‍ കുമരിക്ക് ക്ഷണം കിട്ടി. യേശുദാസിന്റെ ‘ആയിരം കാതം അകലെയാണെങ്കിലും മക്ക..’ എന്ന ഗാനം ഉമരി വേദികളില്‍ ഒരു ഗഞ്ചിറ മാത്രം ഉപയോഗിച്ച് പാടി ശ്രോതാവിനെ വിറ കൊള്ളിച്ചിട്ടുണ്ട്. ഓരോ ചലനവും കൂടുതല്‍ കര്‍ണാടിക് സംഗീതം ചിട്ടയായി പഠിക്കാന്‍ അബൂബക്കര്‍ ഉപയോഗിച്ചു. (ഈ നാളുകളില്‍ വിവാഹം നടന്നതായി രേഖകളുണ്ട്).
ദിനപത്രങ്ങളില്‍ കുമരിയുടെ ആലാപന വൈദഗ്ധ്യം ഏറെ വാര്‍ത്താപ്രാധാന്യം നേടി. ആനുകാലികങ്ങളില്‍ ഉശിരന്‍ ഫീച്ചറുകള്‍.. ‘ഹിന്ദു’ ഞായറാഴ്ച പതിപ്പില്‍ ഫുള്‍ പേജ് ആര്‍ട്ടിക്കിളുകള്‍.. തമിഴിലെങ്ങും കുമരി അബൂബക്കര്‍ വമ്പന്‍ പ്രചാരത്തിലായി. സിംഗപ്പൂര്‍, മലേഷ്യ നഗരങ്ങളില്‍ പത്തും പതിനഞ്ചും ദിവസങ്ങളിലായിരുന്നു കച്ചേരിയും സീറാ പാരായണവും വാര്‍ത്താ പ്രാധാന്യം നേടി.
മുത്തുപേട്ട, അജ്മീര്‍, നാഗൂര്‍ ദര്‍ഗകളില്‍ കുമരിയുടെ നബികീര്‍ത്തന സദസ്സുകള്‍ പതിനായിരങ്ങളെ ആകര്‍ഷിച്ചു. ചങ്ങനാശ്ശേരി പുരൂര്‍ പള്ളിയില്‍ വര്‍ഷം തോറും’ സീറാ പാരായണ’ത്തിന് കുമരി ക്ഷണിക്കപ്പെട്ടു. സീറയുടെ അകത്തളങ്ങളില്‍ സ്ഫുടമായി, അര്‍ത്ഥസഹിതം വിവരിക്കുന്നതില്‍ അബൂബക്കറിനുള്ള പ്രത്യേക കഴിവ് അക്ഷര സഫുടതയുടേതും ശുദ്ധിയുടേതും ആയിരുന്നു.
ജയലളിത മുഖ്യമന്ത്രി ആയിരിക്കേ ചില വിശേഷാല്‍ ചടങ്ങുകളില്‍ ഒരു രാവെങ്കിലും കുമരിയുടെയും നാഗുര്‍ ഹനീഫയുടെയും സദസ്സുകള്‍ ഉണ്ടാവും. തമിഴ്‌നാട് സര്‍ക്കാര്‍ ‘സംഗീത നിപുണ’ ബഹുമതിയും പെന്‍ഷനും നല്‍കി ആദരിച്ചു. കേരളം ആ ‘സ്വര ശുദ്ധി’ അറിഞ്ഞതേയില്ല.. മരിച്ചിട്ടും നമ്മുടെ ദിനപ്പത്രങ്ങള്‍ ആ മരണം അറിഞ്ഞതേയില്ല. ‘ആരാണെന്നറിയില്ല’ അതായിരുന്നു പ്രശ്‌നം.