കോഴിക്കോട്: ഫാത്തിമ ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് നഗരപരിധിയിലെ സ്വകാര്യ ആശുപത്രികളില്‍ സമരം തുടങ്ങി. ഐ.എം.എയുടെ നേതൃത്വത്തിലാണ് സമരം. ഒ.പി വിഭാഗം ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രതിഷേധമാണ് നടക്കുന്നത്. വൈകുന്നേരം ആറുവരെയാണ് സമരം. പണിമുടക്കിയ ഡോക്ടര്‍മാര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ഐ.എം.എ കോഴിക്കോട് ശാഖാ പ്രസിഡന്റ് ഡോ. ബി വേണുഗോപാല്‍, സെക്രട്ടറി സന്ധ്യ കെ. കുറുപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അത്യാഹിതവിഭാഗം, ലേബര്‍ റൂം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമരത്തിന്റെ ഫലമായി സ്വകാര്യ ആശുപത്രിയില്‍ എത്തിയ രോഗികള്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെ വിഷമത്തിലായി. പലര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി.
കുന്ദമംഗലം പുതിയക്കല്‍ നജ സല്‍മാന്റെ ചികിത്സയെ സംബന്ധിച്ചാണ് ഫാത്തിമ ആശുപത്രിയില്‍ തര്‍ക്കമുണ്ടായത്. പ്രസവത്തിന് അഡ്മിറ്റായ നജയെ ശനിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും കുട്ടി മരിച്ചു. നജയുടടെ സി.ടി സ്‌കാന്‍ റേേിപ്പാര്‍ട്ട് ലഭിക്കാന്‍ വൈകിയതിനെതുടര്‍ന്നുള്ള തര്‍ക്കമാണ് ഡോക്ടര്‍ക്ക് നേരെയുള്ള അക്രമത്തില്‍ കലാശിച്ചത്. ഡോ. അനിത അശോക് ആണ് നജയെ ചികിത്സിച്ചിരുന്നത്. നജയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അതിനുശേഷം രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി അക്രമം അഴിച്ചുവിട്ടു. ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയും ഫര്‍ണിച്ചറുകള്‍ കേടുവരുത്തുകയും ചെയ്തു. സംസാരിക്കാനെത്തിയ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പി.കെ അശോകനെ കയ്യേറ്റം ചെയ്തു. ഡോക്ടര്‍ക്ക് തലയ്ക്ക് പരിക്കുണ്ട്. മൂക്കിനും ക്ഷതമേറ്റു.
സംഭവത്തില്‍ കുന്ദമംഗലം വരിട്ട്യാക്ക് പുതിയറ സഹീര്‍ഫാസില്‍(25), ആനപ്പാറ മുഹമ്മദലി(56) എന്നിവര്‍ നടക്കാവ് പൊലീസില്‍ കീഴടങ്ങി. ആറു പേരെയാണ് നടക്കാവ് പൊലീസ് പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്.