കോഴിക്കോട്: താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. പെരുമണ്ണ പെരിങ്ങോട്ടുപറമ്പ് വീട്ടില്‍ നൗഷാദ്അലി(33)ആണ് അറസ്റ്റിലായത്. റൂറല്‍ എസ്.പി കറുപ്പസ്വാമിയുടെ നേതൃത്വത്തിലുള്ള പൊലീസ് മെഡിക്കല്‍ കോളജിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. നൗഷാദ്അലി കേസിലെ പ്രധാന കണ്ണിയാണെന്ന് പറയുന്നു. ഗള്‍ഫിലെ പണമിടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 22നാണ് മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് വിട്ടയക്കുകയായിരുന്നു.

മുഹമ്മദ് അഷ്‌റഫിന്റെ ബന്ധു പണം നല്‍കാനുണ്ടെന്നതിന്റെ പേരിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍. സ്വര്‍ണക്കടത്ത് സംഘമായിരുന്നു ഇതിന്റെ പിന്നില്‍. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ അലി ഉബൈറാന്റെയും സഹോദരങ്ങളായ ഷബീബുര്‍ റഹ്‌മാന്‍, മുഹമ്മദ് നാസ് എന്നിവരുടെയും നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോയത്. താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നിരുന്നത്.