മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് യാഥാര്‍ഥ്യമായി
കോഴിക്കോട്: ആരോഗ്യ സേവനങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതില്‍ ലോകത്തിന് മാതൃകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണിത്. രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി ഫാമിലി മെഡിസിനും എമര്‍ജന്‍സി മെഡിസിനും കോഴ്‌സുകള്‍ ആരംഭിച്ചത് ഇവിടെയാണ്. ഇത്തരം മുന്നേറ്റങ്ങള്‍ കൈവരിച്ച ഈ സ്ഥാപനത്തെ കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആക്‌സിഡന്റ് ആന്‍ഡ് ട്രോമാ കെയര്‍ വിഭാഗം, 6 സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, 500 കിടക്കകള്‍, 19 ഓപ്പറേഷന്‍ തീയേറ്ററുകള്‍, 10 തീവ്രപരിചരണ യൂണിറ്റുകള്‍, 190 ഐ സി യു കിടക്കകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ പ്രദേശത്തിന്റെ ആരോഗ്യമുന്നേറ്റത്തിനു കൂടുതല്‍ കരുത്തുപകരാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ പ്രാപ്തമാക്കുന്നതാണ് ഈ സൗകര്യങ്ങളെല്ലാം.
ആരോഗ്യരംഗത്തെ മുന്നേറ്റങ്ങളുടെ കാര്യത്തില്‍ ലോകം ശ്രദ്ധിക്കുന്ന ഒരിടമാണ് കേരളം. കുറഞ്ഞ ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും നമ്മുടെ നേട്ടങ്ങള്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ്. നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദമാക്കുകയും അവയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും താലൂക്ക് – ജില്ലാ ആശുപത്രികളില്‍ വരെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയാണ്. അതോടൊപ്പം ജനങ്ങളുടെ ആരോഗ്യം യഥാക്രമം പരിശോധിച്ച് രോഗങ്ങള്‍ നേരത്തെ കണ്ടുപിടിക്കാനും അവ വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി നടത്താനും സഹായിക്കുന്ന പ്രത്യേക വാര്‍ഷിക പരിശോധനാ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ഊര്‍ജസ്വലമായ സഹകരമാണ് ഉള്ളത്. ഇതിന് മികച്ച ഉദാഹരണമാണ് സര്‍ജിക്കല്‍ ബ്ലോക്കിന്റെ പൂര്‍ത്തീകരണമെന്ന് കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ആരോഗ്യ മേഖലയില്‍ മികച്ച മുന്നേറ്റമാണ് സംസ്ഥാനം കൈവരിച്ചുക്കൊണ്ടിരിക്കുന്നതെന്ന്
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചടങ്ങില്‍ സ്വാഗതം ആശംസിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പി.എം.എസ്.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്കാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയിരിക്കുന്നത്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എം.കെ രാഘവന്‍ എം.പി, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, പി.ടി എ റഹീം, കാനത്തില്‍ ജമീല, കെ കെ രമ, അഡ്വ.കെ.എം സച്ചിന്‍ ദേവ്, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, മെഡിക്കല്‍ ഡയറക്ടര്‍ തോമസ് മാത്യു, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.