കാസർകോട്:ലോക വനിതാ ദിനത്തിൽ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ‘ആരോഗ്യ സ്വാതന്ത്ര്യം മൗലികാവകാശം’ എന്ന മുദ്രാവാക്യം ഉയർത്തി അവകാശ സ്വാതന്ത്ര്യ റാലി നടത്തും. മാർച്ച് എട്ടിന് മൂന്ന് മണിക്ക് കാഞ്ഞങ്ങാട് പഴയ ബസ്സ് സ്റ്റാന്റ് പരിസരം മുതൽ മാന്തോപ്പ് മൈതാനം വരെയാണ് വനിതാ റാലി സംഘടിപ്പിക്കുന്നത്.
റാലിക്ക് ശേഷം മാന്തോപ്പ് സമര പന്തലിൽ നടക്കുന്ന പരിപാടി ‘എന്ന് നിന്റെ മൊയ്തീന്‍’ സിനിമയ്ക്ക് പ്രചോദനമായ കാഞ്ചനമാല ഉദ്ഘാടനം ചെയ്യും. തിരുവാതിര അടക്കമുള്ള കലാപരിപാടികളും ഉണ്ടാവുമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി ഇൻചാർജ് ഉമ്മുഹാനി, കോഡിനേറ്റർ ശ്രീനാഥ് ശശി, ട്രഷറർ സലീം ചൗക്കി എന്നിവർ അറിയിച്ചു.