കോഴിക്കോട്: സരോവരം പാര്‍ക്കിന് സമീപം കനോലി കനാലിന് കുറുകെ സ്ഥാപിച്ച ഇരുമ്പ് പാലം കനാലിനും പ്രദേശത്തിനും അപകടഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍. താല്‍ക്കാലികമായി സ്ഥാപിച്ച് പിന്നീട് സ്ഥിരമാക്കിയിരിക്കുന്ന ഇരുമ്പ് പാലം മൂലം കനാലിന്റെ വശങ്ങളും ഈ ഭാഗത്തെ ഭൂമിയും ഇടിഞ്ഞു താഴുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു.
സരോവരം കാലിക്കറ്റ് ട്രേഡ് സെന്റിനു സമീപം സ്വകാര്യ കച്ചവട സ്ഥാപനങ്ങളും വ്യക്തികളും ചേര്‍ന്ന് പരിപാടികള്‍ നടത്തുന്നതിനായാണ് കനോലി കനാലിനു കുറുകെ ടണ്‍ കണക്കിന് ഭാരമുള്ള ഇരുമ്പ് പാലം സ്ഥാപിച്ചത്. പാലത്തിന്റെ നിര്‍മണം അശാസ്ത്രീയമാണെന്നും അതുമൂലം കനാലിന്റെ കൈവരിയും ഫുട്പാത്തും ടാറിട്ട റോഡും വീണ്ടുകീറി താഴ്ന്ന നിലയിലാണെന്നും പരിസരവാസികള്‍ പറയുന്നു.
ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള കനോലി കനാലുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും നികുതി നല്‍കാതെ വകുപ്പിന്റെ താല്‍ക്കാലിക അനുമതി മാത്രം സംഘടിപ്പിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. വന്‍ തുക ഈടാക്കിയാണ് സ്വകാര്യ വ്യക്തികള്‍ ഇവരുടെ ഭൂമിയും ഹാളും വാടകയ്ക്ക് നല്‍കുന്നത്. സ്വകാര്യ വ്യക്തികള്‍ സംഘടിപ്പിക്കുന്ന പരിപാടികളാണ് ഇവിടെ നടക്കാറുള്ളത്. ഇതോടെ കനാലിന്റെ കരിങ്കല്‍ കൈവരിയും ഫുട്പാത്തും സരോവരം റോഡിന്റെ പകുതിയോളം വരുന്ന ഭാഗവും കനാലിലേക്ക് ഏതു നിമിഷവും ഇടിഞ്ഞു വീഴുന്ന സാഹചര്യമാണുള്ളത്. കനോലി കനാലിന്റെ സ്വഭാവിക ഒഴുക്കിനെ പോലും ഇത് സാരമായി ബാധിക്കും.ഭൂമി താഴ്ന്നു കൊണ്ടിരിക്കുന്ന സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.