Wednesday, June 18, 2025

ആതുര സേവനത്തില്‍ അല്‍ഭുതമായി സി.എച്ച് സെന്റര്‍

Must Read

അവശതയുടെയും ആലംബ ഹീനതയുടെയും പിടിയിലമര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുന്ന പാവങ്ങളെ സഹായിക്കാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ രൂപവത് കൃതമായ കാരുണ്യ സംരംഭമാണ് സി.എച്ച് സെന്റര്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിയിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കിക്കൊണ്ട് തുടങ്ങിയ ഈ സംരംഭം ഇന്ന് അനേകായിരം പേരുകളിലേക്കുള്ള കാരുണ്യപ്പെയ്ത്തായി മാറിയിരിക്കുന്നു. ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ ആശ്വാസ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നു വരുന്നത്. വിശുദ്ധ റമദാനില്‍ സി.എച്ച് സെന്റര്‍ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ധന സമാഹരണവും, നാട്ടിലും വിദേശത്തും നിന്നുള്ള വിശാലമനസ് ക്കര്‍ നല്‍കുന്ന സംഭാവനകളുമാണ് വരുമാനം. കൊവിഡ് സാഹചര്യം വന്നപ്പോള്‍ സി എച്ച് സെന്ററിന്റെ ഉത്തരവാദിത്വം വര്‍ദ്ധിച്ചു. ഡയാലിസിസ്, സി.ടി. സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാന്‍, സൗജന്യ മരുന്ന്, ഭക്ഷണ അത്താഴ ഇഫ് താര്‍ വിതരണം, ആംബുലന്‍സ് സേവനം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കാണ് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത്.

സേവന രംഗത്ത് ജാഗരൂകമായ ഒരു വളണ്ടിയര്‍ വിഭാഗവും സി.എച്ച്. സെന്ററിന് സ്വന്തമായുണ്ട്. കൊവിഡ് മഹാമാരി നിറഞ്ഞാടുന്ന ഇന്ന് രോഗികളുടെ പരിചരണ രംഗത്തും മയ്യത്ത് പരിപാലന രംഗത്തും വിശ്രമ രഹിത സേവനങ്ങള്‍ക്ക് ഈ വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കുന്നു. ഏറ്റെടുക്കാന്‍ ആളില്ലാതെ അനാഥമായിത്തീരുന്ന നൂറ് കണക്കിന് മൃത ശരീരങ്ങള്‍ ഏറ്റെടുത്ത് അതാതു മതാചാരപ്രകാരമുള്ള മരണാനന്തര ക്രിയകള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കുന്നു. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടമായിരുന്ന കഴിഞ്ഞ റമദാനില്‍ അമ്പത് ലക്ഷം രൂപയുടെ മെഡിചെയിന്‍ പദ്ധതിയിലൂടെ മുവ്വായിരത്തോളം കുടുംബങ്ങള്‍ക്കാണ് സി.എച്ച് സെന്റര്‍ അത്താണിയായത്.
എത്ര വലിയ സൗകര്യങ്ങളും പരിമിതമായി പോകുന്ന സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന ആര്‍ക്കും ബോധ്യപ്പെടും. കൊവിഡ് രോഗികള്‍ക്ക് സ്വാന്തനമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഇഖ്റഅ ഹോസ്പിറ്റലിന് ഈ മാസം മാത്രം നാല് വെന്റിലേറ്ററുകള്‍ നല്‍കാന്‍ സി.എച്ച്. സെന്ററിന് കഴിഞ്ഞു.

പാലിയേറ്റീവ് രംഗത്തെ പുതിയ ചുവട് വെപ്പായ പാണക്കാട് പൂക്കോയ തങ്ങള്‍ ഹോസ്പീസ് ചരിത്ര ദൗത്യത്തിലാണ്. എഴുപതിനായിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കി സജ്ജമാക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഗ്രാമനഗരാന്തങ്ങളില്‍ പാലിയേറ്റീവ് രംഗത്ത് സജീവമാണ് ഈ ടീം. പല പ്രദേശങ്ങളിലും ഈ സന്നദ്ധ സേനയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ഏപ്രില്‍ പതിനൊന്നിന് നാല് നില കെട്ടിടം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു. കേരളത്തില്‍ പല ആശുപത്രികളെയും കേന്ദ്രീകരിച്ച് നിരവധി സി.എച്ച് സെന്ററുകളാണ് കര്‍മ്മരംഗത്തുള്ളത്. സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഇരുപത്തൊന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ് സി.എച്ച്. സെന്റര്‍. ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം പല മേഖലകളിലായി സി.എച്ച് സെന്ററുകള്‍ക്ക് മുഖ്യമായും നേതൃത്വം നല്‍കി വരുന്നത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എ. റസാഖ് മാസ്റ്റര്‍, ദുബൈ കെ.എം.സി.സി. പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയവരാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img