Thursday, June 19, 2025

പ്രവാസി പുനരധിവാസം പ്രഖ്യാപനങ്ങളിലൊതുങ്ങരുത്, കെഡിഎംഎഫ് റിയാദ്

Must Read

റിയാദ്: ‘പ്രവാസികളെ ആര് പുനരധിവസിപ്പിക്കും’ എന്ന വിഷയത്തില്‍ റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ റിയാദിൽ ചർച്ച സംഘടിപ്പിച്ചു.

പ്രവാസി പുനരധിവാസം സംബന്ധിച്ച പദ്ധതികള്‍ പ്രഖ്യാപനങ്ങളിലൊതുങ്ങരുതെന്നും അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെഡിഎംഎഫ് ആവശ്യപ്പെട്ടു. പ്രവാസികളെ പുനരധിവസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പ്രവാസി സംഘടനകള്‍ക്ക് ഈ വിഷയത്തിലുള്ള ഉത്തരവാദിത്വങ്ങളെ കുറിച്ചും പ്രവാസികള്‍ പാലിക്കേണ്ട സാമ്പത്തിക അച്ചടക്കത്തെ കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു.

കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരതക്ക് വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍. അവര്‍ തിരിച്ച് വരുമ്പോള്‍ ആവശ്യമായ പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണ്. വിദേശ രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ നൈപുണ്യം നേടിയ പ്രവാസികളുടെ മനുഷ്യ സമ്പത്ത് ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും പദ്ധതികള്‍ വെറും ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഒതുങ്ങരുതെന്നും ചര്‍ച്ചാ സംഗമം ആവശ്യപ്പെട്ടു.

ഇത്തരം പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന സമ്മര്‍ദ്ദകക്ഷികളായി പ്രവാസി സംഘടനകളും ലോക കേരളസഭയും വളരണമെന്നും പ്രവാസി മലയാളികള്‍ക്കിടയില്‍ ഇത്തരം ഗൗരവകരമായ ചര്‍ച്ചകള്‍ ഉയര്‍ത്തി കൊണ്ട് വരാനും അവര്‍ക്ക് സാധിക്കണം. പ്രവാസികള്‍ക്ക് ആവശ്യമായ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാനും അവരുടെ സാമ്പത്തിക ഭദ്രതയൊടൊപ്പം തന്നെ മാനസിക, ശാരീരിക, ആരോഗ്യ മേഖലകളില്‍ ആവശ്യമായ ബോധവൽകരണം നടത്താനും പ്രവാസി സംഘടനകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ചര്‍ച്ചാ സംഗമത്തിൽ അഭിപ്രായമുയർന്നു.

സാമ്പത്തികമായ അച്ചടക്കമില്ലായ്മ പ്രവാസികള്‍ നേരിടുന്ന വലിയ വെല്ലുവിളയാണ്, അത് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രവാസികളെ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കുമെന്നും ചര്‍ച്ച ഓര്‍മ്മപ്പെടുത്തി. പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന മരണങ്ങളെ കുറിച്ചും അതില്‍ കൂടുതല്‍ ആളുകളും മരണപ്പെടുന്നത് ഹൃദയാഘാതം മൂലമാണെന്നതും ആശങ്കപ്പെടുത്തുന്നതാണ് . സ്വയം പുനരധിവസിക്കാനും പ്രവാസികള്‍ തന്നെ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ഈ വിഷയത്തില്‍ കാര്യമായ ബോധവൽകരണം നടക്കണമെന്നും ആവശ്യമുയർന്നു.

റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ നടത്തി വരുന്ന ‘ഇന്‍സിജാം’ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ലോക കേരളസഭാ അംഗം ഇബ്രാഹിം സുബ്ഹാന്‍, ഷാഫി മാസ്റ്റർ തുവ്വൂർ, മുഹമ്മദ് സുഹൈല്‍ അമ്പലക്കണ്ടി, മുഹമ്മദ് ഷമീജ് പതിമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു. കെഡിഎംഎഫ് ഓർഗനൈസിങ് സെക്രട്ടറി ശറഫുദീൻ ഹസനി ചർച്ച നിയന്ത്രിച്ചു. അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി ഉപസംഹാരം നിർവ്വഹിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img