സ്വന്തം ലേഖകന്‍
കോഴിക്കോട്: സി.പി.എം സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി ജയരാജനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നില്ല. സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് ഇ.പി ജയരാജന്‍ വിട്ടുനില്‍ക്കുകയാണ്. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത ഇ.പി ജയരാജന്‍ കൊച്ചിയില്‍ ടി.ജി നന്ദകുമാര്‍ ഒരുക്കിയ പരിപാടിയില്‍ പങ്കെടുത്തതും വിവാദമായി. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ അന്നദാനം ഉള്‍പ്പെടെയുള്ള പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. നന്ദകുമാറിന്റെ അമ്മയെ പൊന്നാട ചാര്‍ത്തി ആദരിക്കുകയും ചെയ്തു. നന്ദകുമാര്‍ ചെയര്‍മാനായ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
ഇതെല്ലാം സി.പി.എം നേതൃത്വത്തെ വലിയ തോതില്‍ പ്രതിരോധത്തിലാക്കുകയാണ്. എം.വി ഗോവിന്ദന്റെ ജാഥ ഇന്ന് കോഴിക്കോട് ജില്ലയിലാണ് പര്യടനം. വടകരയില്‍ നിന്ന് രാവിലെ തുടങ്ങി. എവിടെയെങ്കിലും വെച്ച് ഇ.പി ജയരാജന്‍ പങ്കെടുക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ഒരു നീക്കവും വിജയിച്ചിട്ടില്ല. അദ്ദേഹം പൂര്‍ണമായും പരിപാടിയുമായി വിട്ടുനില്‍ക്കുമെന്നാണ് സൂചന.
ആയുര്‍വേദ റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഇ.പി ജയരാജന്‍ നേതൃത്വവുമായി അകല്‍ച്ചയിലാണ്. തന്റെ വാക്കുകള്‍ പാര്‍ട്ടി മുഖവിലക്ക് എടുക്കുന്നില്ല എന്നതാണ് ഇ.പിയുടെ പരാതിക്ക് കാരണം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ.പി പൊട്ടിത്തെറിച്ചെങ്കിലും പാര്‍ട്ടി കരുണ കാട്ടിയില്ല. ഇതോടെ പാര്‍ട്ടി പരിപാടികളില്‍ ഇ.പി സജീവമല്ല.