കാസര്‍കോട്: മംഗലാപുരം-കോഴിക്കോട് റൂട്ടില്‍ മെമു സര്‍വീസുകള്‍ കൂടുതല്‍ ആരംഭിക്കണമെന്ന് കാസര്‍കോട് സ്റ്റേഷന് സന്ദര്‍ശിച്ച ദക്ഷിണ റയില്‍വേ പാലക്കാട് ഡിവിഷന് മാനജര്‍ യശ്പാല്‍ സിങ് തോമറിന് മുന്നില്‍ ആവശ്യം. കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് 14 മണിക്കൂര്‍, കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി 13 മണിക്കൂര്‍, കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ എട്ട് മണിക്കൂര്‍, കണ്ണൂര്‍-ബംഗളൂറു ട്രയിന്‍ (പാലക്കാട് വഴി) 10 മണിക്കൂര്‍ എന്നിങ്ങിനെ വെറുതെ
കിടക്കുകയാണെന്നും ഇവ മംഗളൂറുവിലേക്ക് നീട്ടണമെന്നത് ദക്ഷിണ കന്നട, കാസര്‍കോട് ജില്ലകളിലെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണെന്നും റയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡണ്ട് ആര്. പ്രശാന്ത് കുമാറും ജനറല്‍ സെക്രട്ടറി നാസര്‍ ചെര്‍ക്കളവും ആവശ്യപ്പെട്ടു.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് വേണ്ടത്ര ഇരിപ്പിടം ഒരുക്കുക, പ്ലാറ്റ്ഫോമുകള്‍ക്ക് മുഴുവന്‍ മേല്‍ക്കൂര പണിയുക, വാഹന പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തുക, വെയിറ്റിംഗ് റൂമുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ക്ലോക്ക് റൂം, റിട്ടയേറിങ് റൂമുകള്‍, ഡോര്മ്മിറ്ററികള് എന്നിവ അനുവദിക്കുക, ടിക്കറ്റ് കൗണ്ടിറിന് അടുത്തുള്ള പ്ലാറ്റ്ഫോമിലേക്കുള്ള നടപ്പാത തുറന്നുകൊടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കാനാവശ്യമായ ജീവനക്കാരെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
പിറ്റ് ലൈന്‍ സ്ഥാപിക്കുന്നതിന് കുമ്പളയില്‍ 30 ഏക്കറോളം ഭൂമി റെയില്‍വേയുടെ കൈവശമുണ്ടെന്ന് ചൂണ്ടിക്കാട്ടി. പേരില്ലാത്ത മംഗളൂറു-തിരുവനന്തപുരം എക്സ്പ്രസിന് ചന്ദ്രഗിരി എക്സ്പ്രസ് എന്ന നാമം നിര്‍ദ്ദേശിച്ചു. അഡിഷണല്‍ ഡിവിഷന് റെയില്‍വേ മാനേജര്‍ എസ്. ജയകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.