കോഴിക്കോട്: കോര്പറേഷന് കൗണ്‍സിലില്‍ കേന്ദ്ര,സംസ്ഥാന ബജറ്റുകള്‍ സംബന്ധിച്ച് അടിയന്തര പ്രമേയം വന്നെങ്കിലും സംസ്ഥാന ബജറ്റിനെതിരെയുള്ള പ്രമേയം തള്ളി മേയര്‍. മുസ്്ലിംലീഗ് കൗണ്‍സില്‍പാര്‍ട്ടി നേതാവ് കെ. മൊയ്തീന്‍കോയയാണ് സംസ്ഥാന ബജറ്റിലെ നികുതിവര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അടിയന്തരപ്രമേയമായി കൊണ്ടുവന്നത്. എന്നാല്‍ പ്രമേയത്തിന് മേയര്‍ അനുമതി നല്‍കിയില്ല. അതേസമയം, കേന്ദ്രബജറ്റിനെ വിമര്‍ശിക്കുന്ന അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ സി.പി.എം അംഗം സി.എം ജംഷീറിനെ അനുവദിക്കുകയും ചെയ്തു. കേന്ദ്രബജറ്റ് ചര്‍ച്ചക്കാണ് അനുമതി നല്‍കിയതെങ്കിലും സംസ്ഥാന ബജറ്റിനെ കടന്നാക്രമിക്കാനാണ് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ ചര്‍ച്ചയില്‍ ശ്രമിച്ചത്. ഒടുവില്‍ ബി.ജെ.പിയുടെ എതിര്‍പ്പോടെ കേന്ദ്രബജറ്റിന് എതിരെയുള്ള പ്രമേയം പാസാക്കി.
എസ്.കെ അബൂബക്കര്‍, കെ. മൊയ്തീന്‍കോയ, കെ.സി ശോഭിത എന്നീ യു.ഡി.എഫ് അംഗങ്ങള്‍ സംസ്ഥാന ബജറ്റിനെതിരെ ആഞ്ഞടിച്ചപ്പോള്‍ ഭരണപക്ഷത്തുള്ളവര്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. കോതി, ആവിക്കല്‍ പദ്ധതികള്‍ അമൃത് രണ്ടാം പദ്ധതിയിലേക്ക് മാറ്റാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. അഴീക്കല്തോട് ഭാഗത്തെ അഴുക്കുചാല്‍ ശുചീകരിക്കാന്‍ നടപടി വേണമെന്ന് സൗഫിയ അനീഷ് ആവശ്യപ്പെട്ടു. സൗഫിയയുടെ പ്രമേയം വിരോധാഭാസമാണെന്ന് സി.പി.ഐ അംഗം പി.കെ നാസര്‍ പറഞ്ഞു. ആവിക്കല്‍തോട് പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കൗണ്‍സിലര്‍ സൗഫിയ അനീഷ് മുന്‍കൈയെടുക്കണമെന്ന് ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.
മുന്മേയര് അന്തരിച്ച എം. ഭാസ്കരനെപ്പറ്റി പ്രതിപക്ഷനേതാവ് കെ.സി ശോഭിത നടത്തിയ പരാമര്‍ശം യോഗത്തില്‍ ബഹളത്തിന് ഇടയാക്കി. ഭാസ്കരന് മേയര്‍ ആയിരിക്കുമ്പോള്‍ ഉണ്ടായ അഴിമതി അന്വേഷിക്കാന്‍ സര്‍വകക്ഷി സമിതി രൂപീകരിച്ചു എന്ന പരാമര്‍ശമാണ് ബഹളത്തിന് ഇടയാക്കിയത്. സി.പി.എം അംഗങ്ങള്‍ ശോഭിതക്ക് എതിരെ തിരിഞ്ഞു. ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ശോഭിതയെ താക്കീത് ചെയ്യാന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് തയാറായി. കോര്പറേഷന് കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്കിയ കേസില്‍ സസ്പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥന്റെ സസ്പെന്ഷന് കാലാവധി അവധിയായി പരിഗണിക്കണമെന്ന അജണ്ട മാറ്റിവെച്ചു. ഇക്കാര്യത്തില്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥന് ജനുവരി 31ന് വിരമിച്ചിരുന്നു.