സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വകാര്യബസുകളുടെ മത്സരയോട്ടത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാകുന്നു. നിശ്ചിത സമയത്തെത്താനുള്ള ഓട്ടമാണ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. നടുറോഡില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും പതിവ് കാഴ്ചയാണ്. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തിയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം.
മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ദീര്‍ഘദൂര ബസുകളും സിറ്റിയിലോടുന്ന ബസുകളും സര്‍വ്വീസ് നടത്തുന്നത്. ഓരോ പ്രധാന സ്റ്റോപ്പുകളിലും ബസുകള്‍ എത്തുന്നതിന് കൃത്യമായ സമയമുണ്ട്. ചെറിയൊരു ട്രാഫിക്ക് കുരുക്കില്‍ പെട്ടാല്‍ പോലും സമയക്രമം പാളും. ഇത് മറിക്കടക്കാനാണ് അമിത വേഗതയില്‍ സഞ്ചരിക്കുന്നത്. വേഗത്തില്‍ എത്തി കൂടുതല്‍ യാത്രക്കാരെ കയറ്റി പോവുക എന്നതാണ് മിക്ക ബസുകളും പിന്തുടരുന്ന രീതി. ഇതിനിടയില്‍ ഇരുചക്രവാഹനങ്ങളെങ്ങാനും മുന്‍പില്‍പെട്ടാല്‍ കാതടപ്പിക്കുന്ന ഹോണ്‍മുഴക്കും.രാത്രികാലങ്ങളിലും മത്സരയോട്ടത്തിന് കുറവില്ല.
നഗരത്തില്‍ കഴിഞ്ഞ വര്‍ഷം2054 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 187 പേര്‍ മരണപ്പെടുകയും 2153 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റൂറല്‍ എസ്.പിയുടെ പരിധിയില്‍ കഴിഞ്ഞ നവംബര്‍ വരെ 1993 അപകടങ്ങളുണ്ടായി. ഇതില്‍ 172 പേര്‍ മരണപ്പെടുകയും2398 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു.2021 ല്‍നഗരത്തില്‍ 607 അപകടങ്ങള്‍ മാത്രമാണുണ്ടായത്. ഇതില്‍ 75 പേര്‍ മരിക്കുകയും 844 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 1668 ആക്‌സിഡന്റുകളാണ് റൂറലില്‍ ഉണ്ടായത്. 139 പേര്‍ മരിക്കുകയും 1931 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ദേശീയപാത വികസനത്തിന്റെ ഭാഗമായും റോഡ് അറ്റകുറ്റപ്പണികള്‍ കാരണവും നഗരത്തില്‍ ഗതാഗതകുരുക്ക് രൂക്ഷമാണ്. ഇതോടെ ബസുകള്‍ക്ക് അമിത വേഗമെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നുവെന്നാണ് സ്വകാര്യ ബസ് ജീവനക്കാര്‍ പറയുത്.
ദീര്‍ഘദൂരസര്‍വീസുകളായ ബാലുശ്ശേരി കോഴിക്കോട്,കൊയിലാണ്ടി, കുറ്റ്യാടി, വടകര, തലശ്ശേരി ട്ടുകളിലടക്കമുള്ളസ്വകാര്യബസുകളുടെ അമിതവേഗം കാരണം പലപ്പോഴുംയാത്രക്കാര്‍ സ്റ്റോപ്പുകളില്‍ ഇറങ്ങാന്‍ പ്രയാസപ്പെടുന്നുണ്ട്. ഇറങ്ങുന്നതിന് മുമ്പേ ബെല്ലടിക്കുന്നത് കാരണം പ്രായമായവരും മറ്റും അപകടത്തില്‍പെടുന്നു.
മെഡിക്കല്‍ കോളേജ് പോലുള്ള ഇടങ്ങളില്‍ സീബ്രലൈനില്‍പോലും ബസുകള്‍ സ്പീഡ് കുറയ്ക്കാറില്ല. മാത്രമല്ല ബസിന്റെ ഡോര്‍ തുറന്നിട്ടുള്ള യാത്രയുംഅപകടങ്ങള്‍വിളിച്ച് വരുത്തുകയാണ്. കഴിഞ്ഞ ദിവസം കോട്ടൂളിയില്‍ സ്വകാര്യ ബസിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മാവൂരില്‍ ബസില്‍ നിന്നും തെറ്റിച്ച് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവവും റിപ്പോര്‍ട്ട് ചെയ്തു. അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന ആരോപണം ശക്തമാണ്.