രുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി സി.ഐ.ടി.യു. ശമ്പളം രണ്ടുതവണയായി വിതരണം ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു ) ചീഫ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് പ്രതിഷേധം ഇരമ്പിയത്.
വല്ലതും തന്നാല്‍ വാങ്ങി കൊണ്ടുപോകണമെന്നത് പള്ളിയില്‍ പറഞ്ഞാല്‍ മതി-പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ബ്യൂറോക്രാറ്റുകള്‍ പണ്ഡിതന്മാരായിരിക്കാം. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഒന്നും അറിയില്ലെന്ന് കരുതരുത്. വിശപ്പുളളവന്റെ മുന്നില്‍ പോയി പകുതി ഭക്ഷണം തരാമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആവില്ല. പ്രത്യക്ഷ സമരം തുടങ്ങും. ശമ്പളത്തിന് ടാര്‍ജറ്റ് നിശ്ചയിച്ചാല്‍ വരുമാനമുള്ള റൂട്ടില്‍ മാത്രമെ ജോലി ചെയ്യാന്‍ ആളുണ്ടാവുകയുള്ളു. വി.ആര്‍,.എസ് എന്നത് നവ മുതലാളിത്ത നയമാണ്. ഇതാണ് കേന്ദ്രം നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ നയം അതാകരുത്. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം പൊളിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
എല്ലാ പ്രശ്‌നങ്ങളും തൊഴിലാളിയുടെ തലയില്‍ കെട്ടിവെച്ച് പോകുന്നത് ശരിയല്ല. ഉദ്യോഗസ്ഥരും മന്ത്രിയും ഒന്നും ശരിയാക്കുന്നില്ല. ആനത്തലവട്ടം കുറ്റപ്പെടുത്തി. ജനറല്‍ സെക്രട്ടറി എസ്. വിനോദ്, ട്രഷറര്‍ പി. ഗോപാലകൃഷ്ണന്‍, ആര്‍. ഹരിദാസ് പ്രസംഗിച്ചു.