കോഴിക്കോട്: ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ ശില്‍പ്പശാല 19ന് ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കും.
കേരളസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ സെമിനാറിന്റെ ഉദ്ഘാടനം 19ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഫറോക്കിലെ എ4 സെലിബ്രേഷന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കേരളസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ അഡ്വ.കെ.വി. മനോജ് കുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി മുഖ്യാതിഥി ആയിരിക്കും.
‘ബാലനീതി നിയമവും സമൂഹവും’ എന്ന വിഷയത്തില്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ മെമ്പര്‍ ബൈജു നാഥും ‘ബാലസൗഹൃദ കേരളം എന്ത്?എങ്ങനെ? എന്ന വിഷയത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം വിജയകുമാറും ക്ലാസുകള്‍ എടുക്കും.
കുട്ടികളുടെ അവകാശങ്ങള്‍ മുന്‍ നിര്‍ത്തി അവരുടെ സംരക്ഷണം സമൂഹത്തില്‍ ഊട്ടി ഉറപ്പിച്ച് മികച്ച പൗരന്മാരായി രൂപപ്പെടുത്തുക എന്നതാണ് ബോധവല്‍ക്കരണ പരിപാടിയിലൂടെ കമ്മീഷന്‍ ലക്ഷ്യമിടുന്നത്.