ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പരാജയപ്പെട്ടു. ഡല്‍ഹി സര്‍വകലാശാല അധ്യാപികയും ഹിന്ദി എഴുത്തുകാരിയുമായ പ്രഫ. കുമുദ് ശര്‍മയാണ് രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. ഇവര്‍ക് കേന്ദ്ര ഭരണ കക്ഷി പിന്തുണയുണ്ട്.
കേന്ദ്ര ഭരണ ഒത്താശയോടെ മത്സരിച്ച ജി. വെങ്കിടേശയെ പരാജയപ്പെടുത്തി ഔദ്യോഗിക പാനലില്‍ മത്സരിച്ച മാധവ് കൗശിക് പ്രസിഡണ്ടായി. 92 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ 60 പേരുടെ പിന്തുണയോടെയാണ് മാധവ് കൗശിക് വിജയിച്ചത്. കര്‍ണാടക സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് മെല്ലെപുരം ജി. വെങ്കിടേശ്. അതേസമയം, തെരഞ്ഞെടുപ്പ് രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സി. രാധാകൃഷ്ണന്‍ പ്രതികരിച്ചു. മാധവ് കൗശികിനെ പ്രസിഡന്റും സി. രാധാകൃഷ്ണനെ വൈസ് പ്രസിഡന്റുമാക്കാന്‍ നേരത്തെ ധാരണയായിരുന്നു. എന്നാല്‍, സംഘ്പരിവാര്‍ അനുകൂലികളുടെ പാനല്‍ അപ്രതീക്ഷിതമായി മത്സരം പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പിലേക്ക് നീണ്ടത്. 92 പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഇതില്‍ പത്തുപേര്‍ കേന്ദ്ര സര്‍ക്കാര്‍ നോമിനികളുമാണ്. മലയാളികളായ കെ.പി. രാമനുണ്ണി, വിജയലക്ഷ്മി എന്നിവര്‍ക്കും വോട്ടവകാശമുണ്ടായിരുന്നു.