കോഴിക്കോട്: ഹജ്ജ് തുടങ്ങാൻ ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് എന്നിരിക്കെ യാത്ര അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇതുവരെ യാതൊരു വിധ നടപടികളും ആരംഭിച്ചിട്ടില്ലെന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
ജൂൺ മാസം ഹജ്ജ് നടക്കുകയാണ്. യാത്ര അപേക്ഷ നടപടികൾ തുടങ്ങുന്നതിനു മുമ്പ് കേന്ദ്ര ഹജ്ജ് നയം പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ യാത്രാ അപേക്ഷ നടപടികൾ സുഖമമായി നടത്താൻ സാധിക്കൂ. നവംബർ മാസത്തിൽ ആരംഭിക്കേണ്ടിയിരുന്ന അപേക്ഷ സമർപ്പണം രണ്ടുമാസം വൈകി ജനുവരി ഒന്നിന് തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ പറഞ്ഞിരുന്നുവെങ്കിലും നടപ്പായിട്ടില്ല. ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹജ്ജ് യാത്ര ആശങ്കയിലാക്കിയുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണന നിറഞ്ഞ നിഷ്ക്രിയത്വം തികഞ്ഞ അവകാശ ലംഘനമാണെന്നും ഉത്തരവാദപ്പെട്ടവർ അലംഭാവം വെടിഞ്ഞ് എത്രയും പെട്ടെന്ന് പരിഹാരങ്ങൾ കാണണമെന്നും മുനവ്വറലി തങ്ങൾ കൂട്ടിച്ചേർത്തു.