വള്ളിപ്പടര്‍പ്പുകളില്‍നിന്ന് പുറത്തേക്ക് നാമ്പുനീട്ടി നില്‍ക്കുന്ന പുഷ്പങ്ങള്‍ പോലെയാണ് ഭാര്യാഭര്‍തൃ ബന്ധമെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ എഴുതീട്ടുണ്ട്. ഹൃദ്യവും ആനന്ദകരവുമായ അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തെ പരാമര്‍ശിക്കവെയാണ് കൃഷ്ണയ്യര്‍ ഇങ്ങനെ എഴുതിയത്. മാതൃകാ ജീവിതം നയിക്കുന്ന ആരെയും നമുക്കെപ്പോഴും നമ്മുടെ ജീവിതത്തില്‍ പകര്‍ത്താവുന്നതാണ്. ഇത്തരം ചില ജീവിതമെഴുത്തുകളില്‍നിന്ന് കിട്ടുന്ന പാഠങ്ങളും അതാണ്.
ഭാര്യാഭര്‍ത്താക്കന്‍മാര്‍, ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ പരസ്പരം മനസ്സിലാക്കി പരിഹരിച്ചു പോരുന്നതിനു പകരം, ഭാര്യ ഭര്‍ത്താവിലും ഭര്‍ത്താവ് ഭാര്യയിലും സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്‍പിക്കുമ്പോഴാണ് കുടുംബത്തില്‍ സംഘര്‍ഷമുണ്ടാവുന്നത്.
ഏത് വ്യക്തികളിലുമുണ്ട്, നന്മ പോലെത്തന്നെ തിന്മയും. മനുഷ്യ സൃഷ്ടിപ്പിന്റെ തന്നെ ഭാഗമാണ് നന്മ തിന്മകളുടെ ഈ രണ്ട് രൂപങ്ങളും. പങ്കാളിയുടെ കുറവുകള്‍ അന്വേഷിച്ചും ചികഞ്ഞും നോക്കാതെ ചെറിയ വീഴ്ചകളും പോരായ്മകളും കണ്ടില്ലെന്ന് വെക്കണം. നല്ല നേരങ്ങളില്‍ അത് പറഞ്ഞ് തിരുത്തുകയും വേണം.
ക്ഷമ, വിട്ടുവീഴ്ച, സ്‌നേഹം, ജീവിത ലാളിത്യം തുടങ്ങിയ ഗുണങ്ങളും ശീലങ്ങളും ഉണ്ടായാല്‍ മാത്രമേ നല്ല ദാമ്പത്യവും ആ ദാമ്പത്യത്തില്‍ വിരിയുന്ന കുട്ടികള്‍ക്ക് നല്ല ഭാവിയും ഉണ്ടാവുകയുള്ളൂ.
കലഹിക്കുന്ന ഭാര്യാ/ഭര്‍ത്താക്കന്‍മാരെ ശ്രദ്ധിച്ചു നോക്കിയാല്‍ അവരില്‍ ഒരാളോ ചിലപ്പോള്‍ രണ്ടുപേരുമോ ഏതെങ്കിലും തരത്തിലുള്ള ദുശ്ശീലങ്ങളുടെ അടിമയാണെന്ന് കാണാനാവും. ഏറ്റവും ഉത്തമനായ മനുഷ്യനായി ഇസ്‌ലാം വിശേഷിപ്പിച്ചത്, ഉല്‍കൃഷ്ട വ്യക്തിഗുണങ്ങളുള്ളവരെയാണ്. വിശുദ്ധ ഖുര്‍ആനും തിരു ഹദീസുകളും ഇതര മഹത് ഗ്രന്ഥങ്ങളുമെല്ലാം നിരവധി സ്ഥലങ്ങളില്‍ ക്ഷമയുടെ ഗുണത്തെയും പ്രതിഫലത്തെയും കുറിച്ച് വിശേഷിപ്പിച്ചിട്ടുണ്ട്. ദാമ്പത്യ ബന്ധത്തില്‍ മാത്രമല്ല, കുടുംബ ബന്ധങ്ങളിലും സൗഹൃദങ്ങളിലുമൊക്കെത്തന്നെ ക്ഷമയുടെ ഊഷ്മള ഭാവം നിലനിര്‍ത്തണം.
സൗജ് അഥവാ ഇണ എന്ന വാക്കാണ് ഭാര്യയെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഇണ എന്നാല്‍ തുല്യ പങ്കാളിത്തമുള്ള ഒന്ന്. ഇണകളില്‍നിന്ന് ഒന്ന് വേര്‍പെട്ടു പോയാല്‍ മറ്റൊന്ന് ഇല്ലാതാവും. അപ്പോള്‍ ‘ഇണ സങ്കല്‍പം’ തന്നെ നിഷ്ഫലമാകും. രണ്ട് ഇണകള്‍ ചേരുമ്പോഴുണ്ടാകുന്ന ഈണമാണ് യഥാര്‍ത്ഥത്തില്‍ ദാമ്പത്യത്തിന്റെ സംഗീതം, ആനന്ദം. എന്നാല്‍ ലോകത്ത് എല്ലായിടത്തും ഈ ഇണകളില്‍ ഒന്ന്, മറ്റൊന്നിനെ കൊത്തിപ്പറത്തുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഇത് ഒരു ന്യായീകരണവുമില്ലാത്ത ജീവിത ദുരന്തമാണ്.
ഭക്ഷണം പാകം ചെയ്യുന്നതിനും കുട്ടികളെ പെറ്റ് പോറ്റുന്നതിനുമുള്ള ഉപകരണമായി ഭാര്യയെ കാണുന്ന സാമ്പ്രദായിക രീതി തന്നെയാണ് ഇപ്പോഴും പലയിടങ്ങളിലും തുടര്‍ന്ന് പോരുന്നത്. ഈയടുത്ത കാലത്തായി സ്ത്രീ വിദ്യാഭ്യാസത്തിലും സ്ത്രീയോടുള്ള സമീപനങ്ങളിലും ചെറിയ ചില മാറ്റങ്ങള്‍ പ്രകടമായിട്ടുണ്ടെങ്കിലും പുരുഷാധിപത്യ മനോഭാവത്തിലും സ്ത്രീയോടുള്ള സമീപനങ്ങളിലും കാതലായ മാറ്റങ്ങള്‍ ഇനിയും വരേണ്ടതുണ്ട്. വേദ ഗ്രന്ഥങ്ങളുടെ ആളുകളായ വിശ്വാസികള്‍പോലും സ്ത്രീകളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുന്നില്ല എന്നത് ഖേദകരമാണ്. പ്രവാചകന്‍ സ്ത്രീക്ക് നല്‍കിയ മാന്യതയും അംഗീകാരവും എന്തുമാത്രം മഹത്തരമായിരുന്നു.
ഭരണ കാര്യങ്ങളിലും യുദ്ധത്തില്‍പോലും പങ്കാളിയാകാന്‍ സ്ത്രീകളെ അനുവദിച്ചിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി. പഴങ്ങള്‍ നിറച്ച പാത്രം, കോപത്താല്‍ തട്ടിത്തെറിപ്പിച്ച ഭാര്യയോട് പ്രവാചകന്‍ പരിഭവം പറഞ്ഞില്ല. പകരം നിലത്തിരുന്ന്, ആ പഴങ്ങള്‍ പെറുക്കിയെടുത്ത് പാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ആരുടെയെങ്കിലും ഭാര്യ, ഭര്‍ത്താവിന്റെ കൈയിലുള്ള പാത്രം തട്ടിത്തെറുപ്പിച്ചാല്‍ ഇക്കാലത്ത് എന്തായിരിക്കും സംഭവിക്കുക!
രണ്ട് സന്യാസിമാര്‍ കാശിക്കുപോയ ഒരു കഥയുണ്ട്: യാത്രാമധ്യേ ഇരുവരും ഗുരുവിനെ സമീപിച്ച് തങ്ങള്‍ യാത്ര ചെയ്യാനൊരുങ്ങുന്ന സ്ഥലത്തെ ആളുകളെയും അവരുടെ സ്വഭാവത്തെയുംകുറിച്ചന്വേഷിച്ചു. ചോദ്യമുന്നയിച്ച ആദ്യത്തെ ആളോട് ഗുരു ചോദിച്ചു: ”നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്ന നാട്ടിലെ ആളുകള്‍ ഏതുതരം സ്വഭാവക്കാരാണ്?”
അവരെല്ലാം വളരെ നല്ലവരാണെന്നായിരുന്നു സന്യാസിമാരുടെ മറുപടി. നിങ്ങള്‍ പോകുന്ന നാട്ടിലെ ആളുകളും വളരെ നല്ലവരാണെന്നായിരുന്നു ഗുരുജിയുടെ മറുപടി.
ഇതേ ചോദ്യമുന്നയിച്ച രണ്ടാമനോട് ഗുരു ഇതേ ചോദ്യം ആവര്‍ത്തിക്കുകയും അവരെല്ലാം വളരെ മോശമായ സ്വഭാവക്കാരാണെന്ന മറുപടി ലഭിക്കുകയും ചെയ്തു. അപ്പോള്‍ ഗുരുജി പറഞ്ഞു: ”നിങ്ങള്‍ പോകുന്ന നാട്ടിലെ ആളുകളും മോശമായ സ്വഭാവക്കാരാണ്.” ഇതിനര്‍ത്ഥം നമ്മുടെ മനോഭാവങ്ങളാണ് നമ്മോടിടപഴകുന്നവരെ നല്ലവരും മോശക്കാരുമാക്കുന്നത് എന്നാണ്.
സ്വന്തത്തോടുള്ള കടുത്ത അഭിനിവേശം, സ്വന്തമായി ആധിപത്യമുറപ്പിക്കാനുള്ള ത്വരയാണ്. ഇതിനെ ‘നാര്‍സിസം’ എന്ന മാനസികാവസ്ഥയായാണ് മനശ്ശാസ്ത്രം വിവക്ഷിക്കുന്നത്. സ്വയംപൂജ്യനായി ഒരു അരുവിയില്‍ തന്റെ മുഖം നോക്കിനില്‍ക്കെ മരിച്ചുവീണ ഗ്രീക്ക് വേട്ടക്കാരന്റെ നാര്‍സിസ്റ്റ് എന്ന പേരില്‍നിന്നാണ് നാര്‍സിസം എന്ന വാക്ക് രൂപപ്പെടുന്നത്. നാര്‍സിസം നിശ്ചയമായും വളരെ മ്ലേച്ഛമായ ഒരു സ്വഭാവമാണ്.
എളിമയോടെയും വിനയത്തോടെയും ജീവിക്കാനും അഹങ്കാരവും ലോക മാന്യവും കൈവെടിയാനുമാണ് വേദ ഗ്രന്ഥങ്ങള്‍ അധ്യാപനം ചെയ്യുന്നത്. പ്രവാചകന്‍മാരും ഋഷിവര്യന്മാരും മഹത്തുക്കളും മനുഷ്യനെ ഉപദേശിച്ചതും ഇതുതന്നെയാണ്.
പുരുഷന്‍മാരിലും സ്ത്രീകളിലും ലോകത്താകമാനം ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതായാണ് എല്ലാ കണക്കുകളും കാണിക്കുന്നത്. കുടുംബ കലഹങ്ങള്‍, ജനിതകത്തകരാറുകള്‍, മദ്യം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. ലോകത്താകമാനമുള്ള മരണ കാരണങ്ങളില്‍ രണ്ട്മൂന്ന് സ്ഥാനങ്ങളാണ് ആത്മഹത്യക്കുള്ളത്.
പ്രതിസന്ധികള്‍ തരണം ചെയ്യാനാകാതെ വരുമ്പോള്‍ സ്വയം കീഴടങ്ങുകയും ജീവിതത്തില്‍നിന്ന് ഒളിച്ചോടുകയും ചെയ്യുകയെന്ന ദൗര്‍ബല്യമാണ് ആത്മഹത്യയില്‍ എത്തിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവര്‍ അത് സംഭവിക്കുന്നതിന് മുമ്പുതന്നെ അതിനെക്കുറിച്ച് സൂചിപ്പിക്കുകയും നേരത്തെ അതിനുള്ള ചില പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടാവും. എന്നാല്‍ ഡിപ്രഷന്‍ എന്ന മാനസികാവസ്ഥയുള്ളവര്‍ ആത്മഹത്യ ചെയ്യാനുള്ള മുന്നൊരുക്കം വാക്കിലോ പ്രവര്‍ത്തിയിലോ സൂചിപ്പിച്ചുകൊള്ളണമെന്നില്ല. ശൈശവ ഘട്ടത്തില്‍ തലച്ചോറിനോ മനസ്സിനോ ഏല്‍ക്കുന്ന ക്ഷതവും പിന്നീട് ആത്മഹത്യാ പ്രേരണയിലേക്ക് നയിക്കാറുണ്ട്. പഴയ കാലങ്ങളില്‍ പ്രണയ നൈരാശ്യമായിരുന്നു ആത്മഹത്യയുടെ പ്രധാന കാരണമെങ്കില്‍ ഇപ്പോഴത് ദാമ്പത്യ കലഹങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു.
ആത്മഹത്യാ പ്രവണതയുള്ളവരില്‍ ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ മുമ്പ് സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് മനശാസ്ത്ര പഠനങ്ങള്‍ പറയുന്നത്. ഈ മാറ്റങ്ങള്‍ പലപ്പോഴും വ്യക്തിയുടെ ഉള്ളില്‍ മാത്രം നടക്കുന്നതു കൊണ്ട് തിരിച്ചറിയപ്പെടാതെ പോകുന്നു. ആത്മഹത്യ ചെയ്യുന്നവരില്‍ 60 ശതമാനവും വിഷാദ രോഗികളാണ്.
വിഷാദ രോഗം തിരിച്ചറിയുകയും മരുന്നിലൂടെയും കൗണ്‍സലിങ്ങിലൂടെയും രോഗിയെ തിരിച്ചുകൊണ്ടുവരികയുമാണ് വേണ്ടത്. സംഗീതം, ശാരീരികായാസം ലഭിക്കുന്ന കളികള്‍, നല്ല കൂട്ടുകെട്ടുകള്‍, ആധ്യാത്മിക ഗ്രന്ഥ പാരായണം, സഹജീവികളുടെ നന്മ ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വ്യാപൃതരാവുകവഴി സ്ട്രസ്സും അനുബന്ധ രോഗങ്ങളും മാറ്റിയെടുക്കാനാവും.
ആത്മഹത്യയുടെ കാരണങ്ങളും പ്രതിരോധങ്ങളും സംബന്ധിച്ച് ബയോളജിക്കല്‍ സൈക്യാട്രിയുടെ പഠനങ്ങള്‍ തുടരുന്നുണ്ട്. എങ്കിലും ബന്ധത്തിലോ സൗഹൃദത്തിലോ പെട്ട ഏതൊരാള്‍ക്കും മാനസികാസ്വാസ്ഥ്യമുണ്ടെന്ന് തോന്നിയാല്‍ അവരുടെ ജീവിതത്തില്‍ ഇടപെടാന്‍ നമ്മില്‍ ആര്‍ക്കും ആവണം. തക്ക സമയത്തുള്ള ഇടപെടലുകളിലൂടെ ഒരുപക്ഷെ, ഏതെങ്കിലുമൊരു ജീവിതത്തെത്തന്നെയായിരിക്കും നമുക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയുക.