ന്യൂഡൽഹി ∙ ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അൽഫോൻസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി ബിജെപിയുടെ നിർണായക നീക്കം. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഗോൾഡാക്ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു, ഇതിനു പിന്നാലെയാണ്, അൽഫോൻസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബിജെപിയുടെ നീക്കം.
സാധാരണ ഗതിയിൽ സംസ്ഥാന, ദേശീയ ഭാരവാഹികളാണ് പാർട്ടിയുടെ കോർ കമ്മിറ്റിയിൽ അംഗങ്ങളാകാറുള്ളത്. എന്നാൽ അൽഫോൻസ് കണ്ണന്താനത്തിന് നിലവിൽ സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ പാർട്ടിയുടെ ഭാരവാഹിത്വമില്ല. ഇതിനിടെയാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. നിലവിൽ എറണാകുളത്തു നടക്കുന്ന കോർ കമ്മിറ്റിയിൽ അൽഫോൻസ് കണ്ണന്താനം പങ്കെടുക്കുന്നുണ്ട്. ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തൽ.