കോഴിക്കോട്: ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ കടലുണ്ടി, ഫറോക്ക് എന്നീ സ്ഥലങ്ങളില്‍ നാളികേര സംഭരണത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ബേപ്പൂര്‍ നിയോജക മണ്ഡത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘ന്യൂ ബേപ്പൂര്‍ – വിഷന്‍ 2025 ‘പദ്ധതിയുടെ ഭാഗമായുള്ള’ ജൈവ സമൃദ്ധി ‘കൃഷി അനുബന്ധ മേഖലകളിലെ വികസന സാധ്യതകള്‍ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളികേര സംഭരണം കൃത്യമായി നടത്തുക, തേങ്ങയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് കര്‍ഷകന് വരുമാനമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നാളികേര സംഭരണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൃഷിയെ ടൂറിസവുമായി ബന്ധപ്പെടുത്തി അഗ്രി ഫാം ടൂറിസം, എക്കോ ടൂറിസം തുടങ്ങിയ പ്രത്യേക പദ്ധതികള്‍ രൂപപ്പെടുത്തും. കാര്‍ഷിക സേവനത്തിനായി ഉദ്ദേശിച്ച സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
കൃഷി,മൃഗസംരക്ഷണം ,ക്ഷീരവികസനം മത്സ്യബന്ധനം, കാര്‍ഷികോല്പന്ന സംസ്‌ക്കരണം, ഉത്തരവാദിത്ത ടൂറിസം, സഹകരണം എന്നീ മേഖലകളിലെ വിദഗ്ധരും കര്‍ഷക പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളും ചേര്‍ന്ന് സമഗ്രമായ കാര്‍ഷിക വികസനരേഖ ഈ ശില്പശാലയുടെ ഭാഗമായി തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ഫറോക്ക് ആംബിയന്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ പരിപാടിയില്‍ ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാഖ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, കോഴിക്കോട് നഗരസഭ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി രാജന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ടി. രാധ ഗോപി സ്വാഗതവും
സംഘാടക സമിതി ചെയര്‍മാന്‍ മുരളി മുണ്ടേങ്ങാട്ട് നന്ദിയും പറഞ്ഞു.