കോഴിക്കോട്: വയനാട് കലക്ടര്‍ എ. ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. കോഴിക്കോട് കലക്ടര്‍ തേജ് ലോഹിത റെഡ്ഡി അവധിയില്‍ പോവുകയാണ്. തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി. കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. എറണാകുളം കലക്ടര്‍ ഡോ. രേണുരാജിയാണ് എ. ഗീതക്ക് പകരമായി വയനാട്ടില്‍ എത്തുന്നത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എന്‍.എസ് ഉമേഷ് എറണാകുളം കലക്ടറാവും. ആലപ്പുഴ കലക്ടര്‍ വി.ആര്‍.കെ തേജ തൃശൂര്‍ കലക്ടറാവും. ഐ.ടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍കുമാര്‍ സിന്‍ഹ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ ആയി നിയമിതനാകും.
മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗാരണ്ടി സ്‌കീം മിഷന്‍ ഡയറക്ടര്‍ അനുകുമാരിക്ക് ഐ.ടി മിഷന്റെ അധികചുമതല നല്‍കും. സബ് കലക്ടര്‍ അശ്വതി ശ്രീനിവാസിന് ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കമ്മീഷണറുടെ അഡീഷണല്‍ ചാര്‍ജ്ജ് നല്‍കും.
കഥകളി കലാകാരി എന്ന നിലയില്‍ പ്രശസ്തയായ എ. ഗീത മികച്ച കലക്ടറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വള്ളിയൂര്‍കാവ് ഉത്സവവേളയില്‍ നളചരിതം ഒന്നാം ദിവസം കഥകളി അരങ്ങേരിയപ്പോള്‍ ദമയന്തിയുടെ വേഷം ധരിച്ചാണ് ഗീത അരങ്ങിലെത്തിയത്. ദമയന്തിയുടെ ഉദ്യാനപ്രവേശമാണ് അവതരിപ്പിച്ചത്. ഭരതനാട്യം പഠിച്ചിട്ടുള്ള ഗീത കഥകളി ആദ്യമായി അവതരിപ്പിക്കുകയായിരുന്നു.