ന്യൂഡല്‍ഹി: ലോകപ്രണയദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യാന്‍ കേന്ദ്രമൃഗസംരക്ഷണ ബോര്‍ഡിന്റെ ആഹ്വാനം. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് ബോര്‍ഡ് സെക്രട്ടറി ഡോ. സുജിത്കുമാര്‍ ദത്ത പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. പാശ്ചാത്യസംസ്കാരത്തിന്റെ കടന്നുകയറ്റം കാരണം വേദപാരമ്പര്യങ്ങള്‍ നാശത്തിന്റെ വക്കിലാണ്. പശു ഇന്ത്യന്‍ സംസ്കാരത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ്. അമ്മയെപോലെ നമ്മെ പോഷിപ്പിക്കുന്നതിനാല് കാമധേനുവെന്നും ഗോമാതാവെന്നും അറിയപ്പെടുന്നു-ഉത്തരവില്‍ പറയുന്നു. ഇത്തരമൊരു ദിനാഘോഷത്തിന് പലരില്‍ നിന്നും അപേക്ഷ ലഭിച്ചതായും ഉത്തരവിലുണ്ട്. ഉത്തരവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്നും പറയുന്നുണ്ട്.
ബി.ജെ.പി സര്‍ക്കാറിന്റെ പശുപ്രേമം നേരത്തെയും വാര്‍ത്തയായിരുന്നു. യു.പിയില്‍ സാധാരണ ജനങ്ങളേക്കാള്‍ പരിഗണന പശുക്കള്‍ക്ക് നല്കിയതും ചര്‍ച്ചയാവുകയുണ്ടായി. പ്രണയദിനം ആഘോഷിക്കുന്നതില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് വിവാദ ഉത്തരവ് ഇറങ്ങിയിക്കുന്നത്.