പാലക്കാട് : അട്ടപ്പാടി – കുരുക്കത്തികല്ല് ഊരിന്റെ സമീപത്തുള്ള നായ് മേട്ടു മലയിലെ വനത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും, പാലക്കാട് ഐബി ടീമും അട്ടപ്പാടി ഫോറെസ്റ്റ് റേഞ്ചും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ആണ് 341 കഞ്ചാവ് ചെടികള്‍ വനത്തിനുള്ളില്‍ പലഭാഗത്തായി കണ്ടെത്തിയത്. തുടര്‍ന്ന് അവ നിയമാനുസരണം നശിപ്പിച്ചു.
കഞ്ചാവ് ചെടികള്‍ക്ക് 15 ദിവസം മുതല്‍ ഒന്നര മാസം വരെ പ്രായം ഉണ്ട്. ഒന്നര മാസം പ്രായമുള്ള ചെടികള്‍ക്ക് ശരാശരി 170 സെന്റിമീറ്റര്‍ ഉയരം വച്ചിട്ടുണ്ട്. ആര്‍ക്കും പെട്ടെന്ന് എത്തിപ്പെടാത്ത കാട്ടിനുള്ളില്‍ കഞ്ചാവ് ചെടികള്‍ നട്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോള്‍ വിളവെടുത്തു വില്‍പ്പന നടത്തുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. മണിക്കൂറുകളോളം ചെങ്കുത്തായ മലയിലും വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയിലും അതിസാഹസികമായി സഞ്ചരിച്ചാണ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
പാര്‍ട്ടിയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര് അജിത്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുമേഷ് .സി, പ്രിവന്റീവ് ഓഫീസര്‍മാരായ ടീ .പി മണികണ്ഠന്, സുമേഷ് എ കെ, സുരേഷ് ആര് എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിജേഷ് കുമാര്‍ ജി, ബെന്‍സണ്‍ ജോര്‍ജ്, ഷാബു കെ എ, പ്രശാന്ത് പി, സുമേഷ് കെ, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ നിമ്മി എം, ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ ജിഷ്ണു, ഫോറസ്റ്റ് വാച്ചര്‍ മാരിയപ്പന്, എക്സൈസ് ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു .