കോഴിക്കോട്:കെഎസ്ആര്‍ടിസിയില്‍ മുടങ്ങിക്കിടന്ന ശമ്പളം ഇന്നും നാളെയുമായി കൊടുത്തു തീര്‍ക്കുമെന്ന് ഗതാഗതമന്ത്രി ആന്റണിരാജു. ട്രേഡ് യൂണിയന്‍ നേതാക്കളുമായി 17ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്റെ വരുമാനം കൊണ്ടുമാത്രം ശമ്പളം നല്‍കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതിയുടെ കോടതിയലക്ഷ്യ മുന്നറിയിപ്പിനിടയില്‍ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസി സര്‍ക്കാരില്‍ നിന്ന് 103 കോടി അടിയന്തിരമായി ആവശ്യപ്പെട്ടിട്ടുണ്ട്. 41,000 പെന്‍ഷന്‍കാര്‍ക്ക് ജൂലൈ മാസത്തെ പെന്‍ഷന്‍ ഇനിയും വിതരണം ചെയ്തിട്ടില്ല. 103 കോടിയില്‍ 50 കോടി ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനും 50 കോടി നിലവിലെ ഓവര്‍ ഡ്രാഫ്റ്റ് അടച്ചുതീര്‍ക്കാനും മൂന്നു കോടി ഓവര്‍ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്.
ഡീസല്‍ വിതരണക്കാര്‍ക്കുള്ള കുടിശിക തീര്‍ക്കാന്‍ കഴിഞ്ഞയാഴ്ച ധനവകുപ്പ് അനുവദിച്ച 20 കോടി രൂപ ഇന്ന് അക്കൗണ്ടിലെത്തുകയേയുള്ളു. സഹകരണ സംഘങ്ങള്‍ വഴി അടുത്ത ഒരു വര്‍ഷത്തേക്കുള്ള പെന്‍ഷന്‍ വിതരണത്തിന് ധന, ഗതാഗത, സഹകരണ വകുപ്പുകള്‍ ധാരണാപത്രം ഒപ്പുവച്ചെങ്കിലും പലിശയുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. സഹകരണ സംഘങ്ങള്‍ 8 ശതമാനം പലിശ ആവശ്യപ്പെടുമ്പോള്‍ ധനവകുപ്പ് ഏഴര ശതമാനമേ നല്‍കാന്‍ കഴിയൂ എന്ന നിലപാടിലാണ്.