മംഗളൂരു: ദേശീയ പാതയിലെ കുഴി സഹപാഠിയുടെ ജീവനെടുത്ത സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതരുടെ ശ്രദ്ധ ക്ഷണിച്ച് യുവാവിന്റെ ഒറ്റയാള്‍ പ്രതിഷേധം.കഴിഞ്ഞ വെള്ളിയാഴ്ച ബൈക്കനകട്ട കണ്ടെത്തു ക്രോസില്‍ അപകടത്തില്‍ പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ ആതിഷിന്റെ(20) സഹപാഠി ലിഖിത്(20) ആണ് ഇന്ന് മംഗളൂരു കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്.
‘റോഡ് സുരക്ഷാ ബന്ധന്‍’എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി കോര്‍പ്പറേഷന്‍ കാര്യാലയ കവാടത്തിന് മുന്നില്‍ റോഡില്‍ ഇറങ്ങിനില്‍ക്കുകയായിരുന്നു ലിഖിത്.സിവില്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന തന്റെ സഹപാഠി ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച ഫലമാണ് മരണാനന്തരം ചൊവ്വാഴ്ച പുറത്തുവന്നതെന്ന് ലിഖിത് പറഞ്ഞു.

നന്തൂര്‍ ജങ്ഷനില്‍ നിന്ന് ബൈക്കനക്കട്ടെയിലേക്ക് വരുമ്പോഴാണ് ആതിഷ് വൈകുന്നേരം 6.45ന് അപകടത്തില്‍ പെട്ടത്.വലിയ ഗര്‍ത്തം അടുത്തെത്തിയപ്പോഴാണ് കണ്ടത്.കുഴി വെട്ടിച്ചപ്പോള്‍ സ്‌കൂട്ടര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
ദേശീയ പാത അതോറിറ്റി അധികൃതരുമായി പ്രശ്‌നം സംസാരിക്കാം എന്ന് മംഗളൂറു കോര്‍പ്പറേഷന്‍ ജോ.കമ്മീഷണര്‍ രവികുമാര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ലിഖിത് പ്രതിഷേധം നിറുത്തി.