കോഴിക്കോട്: പന്തിരിക്കര സൂപ്പിക്കടയില്‍ ഇര്‍ഷാദ് വധിക്കപ്പെട്ട കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയിലായി. വൈത്തിരി അംബേദ്കര്‍ കോളനിയിലെ ശക്തിവേല്‍(38) ആണ് പിടിയിലായത്. കഴിഞ്ഞദിവസം പിടിയിലായ മേപ്പാടി റിപ്പണ്‍ നടുക്കണ്ടി മുബഷീര്‍(28), റിപ്പണ്‍ ചിറക്കല്‍ ഹിബാസ്(30) എന്നിവരുടെ കൂട്ടാളിയാണ് ശക്തിവേല്‍. അര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി വൈത്തിരിയിലെ ലോഡ്ജില്‍ പാര്‍പ്പിച്ച സംഘത്തില്‍ പെടുന്നവരാണിവര്‍. ഇതോടെ കേസില്‍ പത്ത് പേര് അറസ്റ്റിലായി. മുബഷീറിനെയും ഹിബാസിനെയും പേരാമ്പ്ര കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.
അതേസമയം, കേസില്‍ നേരത്തെ അറസ്റ്റിലായ പൊഴുതന ചിറക്കല്‍ സജീര്‍(27), വൈത്തിരി ചെറുമ്പാല ഷഹീല്‍(26), കല്‍പ്പറ്റ കടുമിടുക്കില്‍ ജിനാഫ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നുണ്ട്.
കൊല്ലപ്പെട്ട ഇര്‍ഷാദിനെ പുറക്കാട്ടിരി പാലത്തിന് സമീപം എത്തിച്ച വൈത്തിരി കൊടുങ്ങയില്പറമ്പില് മസഫര്‍(28), മേപ്പാടി റിപ്പണ്‍ പാലക്കണ്ടി ഷാനവാസ്(32), കൊടുവള്ളി സ്വദേശി കളത്തിങ്കല്‍ ഇര്‍ഷാദ് എന്നിവരെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇര്‍ഷാദില്‍ നിന്ന് സ്വര്‍ണം ഷമീര്‍ ആണ് വാങ്ങിയതെന്ന് സൂചനയുണ്ടായിരുന്നു. സ്വര്‍ണം പാനൂരില്‍ വിറ്റു എന്നാണ് അറിയുന്നത്. അതനുസരിച്ച് പൊലീസ് പരിശോധന നടത്തി. ഒന്നാംപ്രതി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ് കൊടുത്തുവിട്ട സ്വര്‍ണം ആളുമാറി ഷമീറിന് നല്‍കുകയായിരുന്നു. സ്വര്‍ണം തിരിച്ചുകിട്ടാന്‍ വേണ്ടിയാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. അത് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചു. സ്വാലിഹിനെ ദുബൈയില്‍ നിന്ന് ഇവിടെയെത്തിക്കാന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.