പട്‌ന: എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടതു സഖ്യത്തിനൊപ്പം ‘മഹാസഖ്യം’ പ്രഖ്യാപിച്ച നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മന്ത്രിമാര്‍ ആരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല.
പട്‌നയിലെ രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിതീഷ് കുമാര്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഫോണില്‍ വിളിച്ചു. നിതീഷിന്റെ നീക്കത്തെ ലാലു അഭിനന്ദിച്ചു.
ഇന്നലെ രാവിലെ ജെഡി(യു) യോഗത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാര്‍, വൈകിട്ട് തേജസ്വി യാദവിനൊപ്പം ഗവര്‍ണര്‍ ഫാഗു ചൗഹാനെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ കത്തുനല്‍കുകയായിരുന്നു.
പുതിയ ഭരണസഖ്യം ഏഴ് പാര്‍ട്ടികളുടെ മഹാസഖ്യം ആയിരിക്കുമെന്ന് നിതീഷ് കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ്, സിപിഐ (എംഎല്‍), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. അതേസമയം, നിതീഷ് കുമാര്‍ ജനവിധിയെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ബിജെപി ഇന്ന് പട്‌നയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബിഹാറിലെ ജനങ്ങള്‍ നിതീഷ് കുമാറിനോട് ഒരിക്കലും പൊറുക്കില്ലെന്ന് ബിഹാര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഡോ. സഞ്ജയ് ജയ്‌സ്വാള്‍ പറഞ്ഞു.