കോഴിക്കോട് : സമരങ്ങളില്‍ പങ്കെടുത്ത യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പിഴ സംഖ്യ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ഏറ്റെടുക്കമെന്ന് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു. വിവിധ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ സഹായിക്കുന്നതിനായി പ്രത്യേക സെല്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കും. ഇതിന്റെ ഭാഗമായി ആഗസ്ത് 13ന് നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയ എല്ലാ യൂത്ത് ലീഗ് പ്രവര്‍ത്തകരും സംസ്ഥാന കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണമെന്ന് ഫിറോസ് തുടര്‍ന്നു.
കേന്ദ്ര – കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ നിരന്തര പ്രക്ഷോഭത്തിന്റെ ഭാഗമായി നിരവധി കേസുകള്‍ ആണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ ചുമത്തിയിട്ടുള്ളത്. മുന്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യൂത്ത് ലീഗ് സമരങ്ങളുടെ തുടര്‍ച്ചയായി ഉണ്ടായതാണ്.
നേരത്തെ പൗരത്വ പ്രക്ഷോഭ കേസുകള്‍ ഏറ്റെടുത്തതിന്റെ തുടര്‍ച്ചയായിട്ടാണ് മറ്റു സമരത്തിന്റെ പിഴ സംഖ്യയും ഏറ്റെടുക്കാന്‍ യൂത്ത് ലീഗ് തീരുമാനിച്ചത്. ലോക് അദാലത്തില്‍ വെച്ച് കേസുകള്‍ പിഴ അടച്ച് തീര്‍പ്പാക്കുന്നതിനായി കേസ് സംബന്ധമായ വിവരങ്ങള്‍ ആഗസ്ത് 8നുള്ളില്‍ സംസ്ഥാന കമ്മിറ്റിക്ക് എത്തിക്കേണ്ടതാണ്.