തൃക്കരിപ്പൂര്: സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തക ദയാബായി ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ നിരാഹാര സമരത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന അതിജീവന യാത്രയ്ക്ക് തൃക്കരിപ്പൂര് ബസ്റ്റാന്‍ഡില്‍ നിന്ന് തുടക്കമായി.ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സന്നദ്ധ സംഘടനകളും ക്ലബ്ബുകളും സ്വീകരണം ഒരുക്കും
എയിംസ് പ്രൊപ്പോസല്‍ കാസര്‍ഗോഡ് ജില്ലയുടെ പേര് ഉള്‍പ്പെടുത്തുക,
കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ വിദഗ്ധ ചികിത്സ കേന്ദ്രം ഒരുക്കുക, മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുന്നതിന് അടിയന്തരമായി പുതിയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, എയിംസ് ഹോസ്പിറ്റല്‍ കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാര സമരം നടത്തുന്നത്.
ദയാബായി സമര സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അതിജീവന യാത്ര പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു ഇസ്മായില്‍ കബര്‍ദാര്‍ അധ്യക്ഷത വഹിച്ചു, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് അതിജീവനയാത്ര ക്യാപ്റ്റന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന് പതാക കൈമാറി ദയാബായി മുഖ്യ പ്രഭാഷണം നടത്തി.
അതിജീവനയാത്രയോടൊപ്പം ഉള്ള ഫ്ളോട്ട് ആര്‍ടിസ്റ്റ് സുരഭി ഇയ്യക്കാട് ദയാബായി അമ്മക്ക് കൈമാറി. ജനറല്‍ കണ്‍വീനര്‍ കരീം ചൗക്കി സ്വാഗതം പറഞ്ഞു,ടിവി ഉമേഷന്‍, സുബൈര്‍ പടുപ്പ്,മത്തായി ബാലന്‍.ടി കെ ബി അബ്ദുല്‍ റഹ്‌മാന്‍.മുനീര്‍ കൊവ്വല്‍ പള്ളി.ഹമീദ് ചേരന്‍കൈ.ശേഖരന്‍ എം കെ. നാസര്‍ പള്ളം തുടങ്ങിയവര്‍ സംബന്ധിച്ചു. ഷാഫി കല്ലു വളപ്പ് നന്ദിയും പറഞ്ഞു.