കോഴിക്കോട്: ട്രോളിങ് നിരോധനത്തിന് നാളെ പരിസമാപ്തിയാകുമ്പോള്‍ തീരദേശ മേഖല ആവേശത്തിലാണ്. ഇനിയുളള ദിവസങ്ങളില്‍ കടലില്‍ പോകാന്‍ തയാറെടുക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. 52 ദിവസത്തെ ട്രോളിങ് നിരോധനാണ് നാളെ അവസാനിക്കുന്നത്. പുതിയാപ്പ, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നാളെ മുതല്‍ ബോട്ടുകള്‍ പുറപ്പെടും. പുതിയാപ്പയില്‍ 175 വലിയ ബോട്ടുകളും മുന്നൂറോളം ഇടത്തരം ബോട്ടുകളും കടലിലിറങ്ങും. വെള്ളയില്‍ ഫിങ്കര്‍ ജെട്ടികള്‍ സ്ഥാപിച്ചതോടെ കൂടുതല്‍ ബോട്ടുകള്‍ക്ക് ഒരേസമയം മത്സ്യബന്ധനം നടത്തി ജെട്ടിയില്‍ അടുപ്പിക്കാനാവും. ട്രോളിങ് നിരോധനകാലത്ത് ലഭിക്കാറുള്ള സഹായം ഇത്തവണ പൂര്‍ണമായി കിട്ടിയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.നേരത്തെ മൂന്ന് ഗഡുക്കളായി നല്‍കിയിരുന്നത് ഇത്തവണ ഒരു ഗഡു മാത്രമാണ് കിട്ടിയത്. 1,500 രൂപയാണ് അനുവദിച്ചത്. മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്ക് 129 ലിറ്റര്‍ മണ്ണെണ്ണ പെര്‍മിറ്റ് ഇനത്തില്‍ ലഭിക്കാറുണ്ടെങ്കിലും അത് രണ്ടുദിവസം കടലില്‍ പോകാന്‍ പോലും തികയില്ല.
പുറത്ത് ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 125 രൂപയാണ് വില.
കടലില്‍ മത്സ്യങ്ങള്‍ വേണ്ടത്രയില്ലാത്ത പ്രശ്നവും ഉണ്ട്. മത്തി കാണാനില്ലാത്ത അവസ്ഥയാണ്. അയല, ചെമ്മീന്‍ എന്നിവയാണ് കൂടതലുള്ളത്.