അത്തോളി : ഹൈസ്‌കൂള്‍ ജംഗ്ഷനിലെ ഗതാഗതാക്കുരുക്കില്‍ പ്രയാസം നേരിടുന്ന വിദ്യാത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാരെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്ന മൊയ്തീന്‍ കോയയ്ക്ക് നാടിന്റെ നാനാ ഭാഗത്ത് നിന്നും സ്നേഹാദരവ്. പഞ്ചായത്തിലെ വിദേശ മലയാളികളും സമീപ സ്ഥലങ്ങളിലുള്ളവരും സ്‌കൂള്‍ അധ്യാപകരടക്കം ഫോണിലൂടെയും നേരിട്ടും അഭിനനന്ദനം അറിയിച്ചു.
അത്തോളി പ്രതികരണ വേദിയും മനുഷ്യവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകരും യോഗം ചേര്‍ന്ന് മൊയ്തീന്‍ കോയയെ ആദരിച്ചു. ഗതാഗത നിയന്ത്രണത്തിലേര്‍പ്പെടുമ്പോള്‍ ധരിക്കാനുള്ള ലാമിനേഷന്‍ ജാക്കറ്റും കൈമാറി. ആര്‍.കെ ലതീഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ റിട്ട. എസ് ഐ രാമകൃഷ്ണനില്‍ നിന്ന് ആദരവും പ്രതികരണ വേദിയുടെ സുരക്ഷാ ജാക്കറ്റ് മാധ്യമ പ്രവര്‍ത്തകന്‍ അജീഷ് അത്തോളിയില്‍ നിന്നും മൊയ്തീന്‍ കോയ ഏറ്റുവാങ്ങി. പി സുരേന്ദ്രന്‍ പുത്തൂര്‍, രാജീവന്‍ പാലക്കുളം, ശശി പാറക്കണ്ടി, കെ കെ സുഗതന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വാഹനങ്ങളെ പേടിക്കാതെ റോഡ് മുറിച്ച് കടക്കാം; മൊയ്തീന്‍ കോയ സഹായിക്കും എന്ന വാര്‍ത്ത തത്സമയം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു. തുടര്‍ന്ന് നാടിന്റെ സ്നേഹാദരവ് ഇടമുറിയാതെ പ്രവഹിക്കുകയായിരുന്നു. ശരീരം അനുവദിക്കുന്ന കാലം ഈ സേവനം തുടരുമെന്ന് മൊയ്തീന്‍ കോയ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.