Friday, June 20, 2025

അച്യുതന്‍ കൂടല്ലൂര്‍: നിറക്കൂട്ടുകളിലെ വിസ്മയം

Must Read

സ്വന്തം പ്രതിനിധി

ചെന്നൈ: പ്രശസ്ത ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ ചെന്നൈയില്‍ അന്തരിച്ചു. 78 വയസായിരുന്നു. കഴിഞ്ഞ ദിവസം അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെ മരിച്ചു. അച്യുതന്‍ കൂടല്ലൂര്‍ പെയിന്റിങ് ലോകത്ത് ഒരു അത്ഭുതം തന്നെയായിരുന്നു. അബ്സ്ട്രാക്ട് രീതിയുടെ അപ്പോസ്തലന്‍ ആയിരുന്നു അദ്ദേഹം. നിറങ്ങളും വരകളും ഏറ്റവും ആകര്‍ഷകമായി സമ്മേളിപ്പിക്കാന്‍ അച്യുതന് സാധിക്കുമായിരുന്നു. ചിത്രകല അത്രയൊന്നും പഠിക്കാതെയാണ് അദ്ദേഹം ലോകത്തിന്റെ മുന്നില്‍ വിസ്മയകരമായ ചിത്രങ്ങള്‍ വരച്ചുകാണിച്ചത്.

തൃശൂര്‍ മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നേടിയ ഡിപ്ലോമ മാത്രമായിരുന്നു കൈമുതല്‍. കൂടല്ലൂരിലെ എം.ടി പരമേശ്വരന്‍നായരുടെയും കല്ലേക്കളത്തില്‍ പാറുക്കുട്ടിയമ്മയുടെയും പുത്രനായ അച്യുതന്‍ എം.ടിയുടെ മരുമകനാണ്. അമ്മാവനെപ്പോലെ കഥയെഴുതിയാണ് തുടക്കം. പിന്നീട് ചിത്രരചനയിലേക്ക് വഴിമാറി. ആകാശനീലിമയും വിഭ്രമിപ്പിക്കുന്ന മഞ്ഞയും പലവര്‍ണങ്ങള്‍ ഇഴുകിചേര്‍ന്ന തവിട്ടുനിറവുമെല്ലാം അച്യുതന്റെ മാത്രം രചനാകൗശലങ്ങളായിരുന്നു.

മഹാബലിപുരത്ത് ചോളമണ്ഡലത്തിന് സമീപമാണ് താമസിച്ചിരുന്നുവെങ്കിലും ചോളമണ്ഡലത്തിന്റെ കലാ പാരമ്പര്യത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. അതില്‍ നിന്ന് വ്യത്യസ്തമായ ഒരു ശൈലി തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് അകത്തും പുറത്തും അച്യുതന്‍ കൂടല്ലൂരിന്റെ ചിത്രങ്ങള്‍ ഏറെ വിറ്റുപോയി. ഗാലറികളില്‍ എപ്പോഴും ശ്രദ്ധേയനായിരുന്നു ഈ ചിത്രകാരന്‍. ആശയപരമായ വ്യക്തതയും കണിശതയും അച്യുതനെ വ്യത്യസ്തനാക്കി.
കേരളത്തില്‍ ഇടക്ക് എത്താറുണ്ടായിരുന്നു. ലളിതകലാ അക്കാദമിയുടെ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ ഉത്സാഹം കാണിച്ചിരുന്നു. കേന്ദ്ര ലളിതകലാ അക്കാദമി, കേരള ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. രവിവര്‍മ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

ചിത്രകലയുമായി ബന്ധപ്പെട്ട് തികച്ചും വ്യത്യസ്തമായ നിലപാടുകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൊച്ചി ബിനാലെ അംഗീകരിക്കാതിരുന്നത് അതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ചിത്രകലയില്‍ അച്യുതന്‍ കൂടല്ലൂരിന്റെ സ്ഥാനം എന്നും വളരെ ഉയരങ്ങളിലായിരുന്നു. ഗാലറികളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോയി.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ബന്ധുക്കള്‍ നാട്ടില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരിമാര്‍: കുഞ്ഞുലക്ഷ്മി, വിലാസിനി, പരേതരായ ലീല ജി. നായര്‍, ഭാരതി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img